പെൻഷൻ മുടങ്ങിയപ്പോൾ ഭിക്ഷയെടുത്ത് സമരം ചെയ്ത അന്നക്കുട്ടി അന്തരിച്ചു

0
14

അടിമാലി: പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് അടിമാലിയിൽ മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ വയോധികമാരിൽ അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി (അന്ന ഔസേപ്പ് – 88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.

2023 നവംബർ 7ന് ആണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഇരുനൂറേക്കറിൽ മില്ലുംപടി പൊന്നടുത്തുപാറയിൽ മറിയക്കുട്ടി ചാക്കോയും (87) അന്നക്കുട്ടിയും പ്രതിഷേധിച്ചത്. സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ പരസ്യബോർഡ് കഴുത്തിൽ തൂക്കി മൺചട്ടിയുമായി ഭിക്ഷ യാചിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

പ്രതിഷേധം ശക്തമായതോടെ പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ എത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇരുവർക്കും പെൻഷൻ ലഭ്യമാക്കാൻ നടപടി ഉണ്ടായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്നക്കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. സുരേഷ് ഗോപി എംപിയും ഇരുവരെയും സന്ദർശിച്ചിരുന്നു.

അന്നക്കുട്ടിയുടെ സംസ്കാരം ഇന്നു 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ.