സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ, ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച് കടത്ത്; നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി

0
10

ബെംഗളൂരു: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിനു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. തരുൺ കൊണ്ടരാജുവിനു 63 കോടിയും സാഹിൽ സക്കറിയയ്ക്കും ഭരത് കുമാർ ജെയിനിനും 56 കോട‌ി വീതവും പിഴ ചുമത്തിയിട്ടുണ്ട്. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി മാർച്ച് 3നാണു രന്യ അറസ്റ്റിലായത്.

രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 30 തവണയാണെന്നും കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം കമ്മിഷൻ ലഭിച്ചിരുന്നതായും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു (31) വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. കേസിൽ മൊത്തം 17.29 കോടിയുടെ വസ്തുക്കൾ കണ്ടെടുത്തു.