കോഴിക്കോട് വിദ്യാർഥിനിയുടെ മരണം; ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍

0
12

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ വിദ്യാർഥിനി ആയിഷ റഷയെ മരിച്ച നിലയിൽ കണ്ട കേസില്‍ ആണ്‍സുഹൃത്ത് കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ അറസ്റ്റില്‍. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് . 

വിദ്യാർഥിനി ആയിഷ റഷയെ ഭീഷണിപ്പെടുത്തിയാണ് സുഹൃത്ത് ബഷീറുദ്ദീൻ കോഴിക്കോട് എത്തിച്ചതെന്നു ബന്ധു മുസ്തഫ മനോരമ ന്യൂസിനോട് പറഞ്ഞു. ഫോട്ടോ കാണിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഒരുപക്ഷേ ഇത് മോർഫ് ചെയ്ത ഫോട്ടോ ആകാമെന്നും മുസ്തഫ പറഞ്ഞു. അതേസമയം ആയിഷയുടെ മരണം ആത്മഹത്യ ആണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിൽ കുരുക്കിട്ടതിന്റെ പാടുണ്ട്. ശരീരത്തിൽ മറ്റു മുറിവുകൾ ഇല്ല.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ ഇനിയും രണ്ടു ദിവസം കൂടി എടുക്കും.

ബന്ധുക്കൾ ഉയർത്തിയ ഈ ആരോപണത്തിൽ അടക്കം സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. അതിനിടെ ആയിഷ വാട്സാപ്പിൽ അയച്ച അവസാന സന്ദേശം പൊലീസ് ശേഖരിച്ചു. എന്റെ മരണത്തിന് ഉത്തരവാദി നിങ്ങൾ ആണ് എന്നാണ് സുഹൃത്ത് ബഷീറുദ്ദീന് അയച്ച സന്ദേശം. മൊബൈലിലെ കൂടുതൽ ഓഡിയോ സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു