ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് ബെൽജിയവും; ഇസ്റാഈലിനെതിരെ ഉപരോധവും ഏർപ്പെടുത്തും

0
137

ബ്രസ്സൽസ്: ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ തീരുമാനിച്ച് ബെൽജിയം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഈ അംഗീകാരം പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് അറിയിച്ചു. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ബെൽജിയവും ഈ നീക്കത്തിന് ഒരുങ്ങുന്നത്. ഗസ്സയിലെ യുദ്ധത്തെ തുടർന്ന് ഇസ്റാഈലിനു മേലുള്ള അന്താരാഷ്ട്ര സമ്മർദം വർധിക്കുന്നതിനിടയിലാണ് ബെൽജിയത്തിന്റെ നിർണായക തീരുമാനം.

ഇരുരാജ്യങ്ങൾക്കും സമാധാനപരമായി നിലനിൽക്കാൻ വഴിയൊരുക്കുന്ന ‘ദ്വിരാഷ്ട്ര പരിഹാരം’ (Two-state solution) ലക്ഷ്യമിട്ടുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിൽ ബെൽജിയവും ഒപ്പുവെക്കുമെന്ന് പ്രെവോട്ട് എക്സിൽ കുറിച്ചു. ഫലസ്തീനിലെ, പ്രത്യേകിച്ച് ഗസ്സയിലെ, മാനുഷിക ദുരന്തങ്ങൾ കണക്കിലെടുത്തും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്റാഈൽ നടത്തുന്ന അക്രമങ്ങൾക്കുള്ള മറുപടിയായുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസും സൗദി അറേബ്യയും നേതൃത്വം നൽകുന്ന സംയുക്ത നയതന്ത്ര നീക്കത്തിന്റെ ഭാഗമായാണ് ബെൽജിയത്തിന്റെ നടപടി. ഇസ്റാഈലിന്റെ കയ്യേറ്റങ്ങളെയും സൈനിക സാന്നിധ്യത്തെയും അപലപിക്കുന്നതിനുള്ള രാഷ്ട്രീയ സൂചനയായും ഈ നീക്കത്തെ കണക്കാക്കുന്നു. ഇസ്റാഈലിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുക, ഇസ്റാഈലി കമ്പനികളുമായുള്ള കരാറുകൾ പുനരവലോകനം ചെയ്യുക, ഹമാസ് നേതാക്കളെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ 12 കർശന ഉപരോധങ്ങളും ബെൽജിയം ഏർപ്പെടുത്തുമെന്ന് പ്രെവോട്ട് അറിയിച്ചു.