റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പ് ഫൈനലിൽ കോഴിക്കോടും പാലക്കാടും ഏറ്റു മുട്ടും. കെഎംസിസി ജില്ല ടീമുകൾ മാറ്റുരച്ച സെമി ഫൈനൽ പോരാട്ടത്തിൽ കണ്ണൂരിന്റെ പോരാട്ട വീര്യത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് കോഴിക്കോട് ഫൈനലിൽ പ്രവേശിച്ചത്. മലപ്പുറത്തെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയ പാലക്കാടാണ് ഫൈനലിൽ കോഴിക്കോടിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടം മുതൽ പരാജയമറിയാതെയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയത്.
ടൂർണമെന്റിലെ ആദ്യ സെമി ഫൈനലിൽ ഗ്രൂപ്പ് തലത്തിൽ സമ്പൂർണ്ണ വിജയവുമായി എത്തിയ കണ്ണൂർ പൂർണ്ണ ആത്മ വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കോഴിക്കോട് തോറ്റു കൊടുക്കാൻ ഒരുക്കമല്ലെന്ന നയം വ്യക്തമാക്കിയിരുന്നു. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞതോടെ മത്സരത്തിന്റെ ആവേശം ഗ്യാലറിയിലും കാണാമായിരുന്നു. മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ കോഴിക്കോട് നിർണ്ണായക ലീഡ് നേടി. കണ്ണൂർ പ്രതിരോധത്തെ മറികടന്ന് തഷിൻ റഹ്മാൻ നൽകിയ മികച്ച പസ്സാണ് ജിഫ്രിയുടെ ഗോളിലേക്ക് വഴി തെളിയിച്ചത്. ഗോൾ വഴങ്ങിയ കണ്ണൂരിനു കൂടുതൽ സമ്മർദ്ദമേറ്റി രണ്ടാം മഞ്ഞ കാർഡ് കണ്ട സൽമാനുൽ ഫാരിസ് പുറത്തായി. ഇതോടെ കണ്ണൂർ രണ്ടാം പകുതിയിൽ പത്തുപേരിലേക്ക് ചുരുങ്ങി. ഇത് മുതലെടുത്ത കോഴിക്കോട് മത്സരത്തിൽ ലീഡ് നേട്ടം രണ്ടായി ഉയർത്തി. മൈതാന മധ്യത്തിൽ നിന്ന് ഒറ്റക്ക് പന്തുമായി മുന്നേറിയ ജിഫ്രി ഗോൾകീപ്പറെയും കബളിപ്പിച് രണ്ടാം ഗോൾ നേടി. ഇതോടെ കണ്ണൂരിന്റെ പതനം പൂർണ്ണമായി. രണ്ടു ഗോൾ നേടിയ ജിഫ്രി തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും. റോയൽ മിറാജ് മാനേജിങ് ഡയറക്ടർ നജ്മുദ്ധീൻ മഞ്ഞളാംകുഴി അവാർഡ് സമ്മാനിച്ചു.
ടൂർണ്ണമെന്റിലെ രണ്ടാം സെമി ഫൈനലിൽ തുടർച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മലപ്പുറത്തെ പെനാൽറ്റിഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് പാലക്കാട് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
മത്സരത്തിന്റെ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മത്സരം തുടങ്ങാൻ അർദ്ധ രാത്രി പന്ത്രണ്ട് മണി ആയിട്ടും ഗാലറിയിലെ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയം മത്സരത്തിന്റെ വീറും വാശിയും വ്യക്തമാക്കുന്നതായിരുന്നു. ആരാധകർ ഇരു ടീമുകളുടെയും കളിക്കാർക്ക് പൂർണ്ണ പിന്തുണയാണ് ആദ്യാവസാനം വരെ നൽകിയത്.
മത്സരം തുടങ്ങി ഇരുപത്തിയഞ്ചാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഫാസിലിലൂടെ മലപ്പുറമാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോൾ അടക്കം ടൂർണമെന്റിൽ ഫാസിൽ ആറു ഗോളുകളുമായി നിലവിൽ ടോപ് സ്‌കോറർ ആണ്. ആദ്യ പകുതിയിലെ ലീഡിന്റെ മികവിൽ രണ്ടാം പകുതിയിലിറങ്ങിയ മലപ്പുറത്തെ നിഷ്പ്രഭമാക്കുന്ന ഉജ്വല പ്രകടനമാണ് പാലക്കാട് പുറത്തെടുത്തത്. മലപ്പുറത്തിന്റെ ഗോൾ ബോക്സിനുള്ളിൽ നിരന്തരമായ ആക്രമണങ്ങൾ അവർ നടത്തിക്കൊണ്ടേയിരുന്ന. അതിന്റെ പ്രതിഫലമെന്നോണം അതിമനോഹരമായ നീക്കത്തിലൂടെ സുഹൈൽ ഗോൾ മടക്കി. ഇതോടെ സ്‌കോർ 1-1 എന്ന നിലയിലായി. സമനില കണ്ടെത്തിയോടെ പാലക്കാടിന്റെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂടി. എന്നാൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന മിനുട്ടിൽ മലപ്പുറത്തിന് ലഭിച്ച മികച്ച ഒരവസരം പാലക്കാടിന്റെ ഗോൾ കീപ്പർ സേവ് ചെയ്തു. ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു. മത്സരത്തിൽ മലപ്പുറത്തിന്റെ മൂന്നു കിക്കുകൾ പാഴായപ്പോൾ പാലക്കാടിന്റേത് രണ്ടെണ്ണവും പുറത്തേക്ക് പോയി. പെനാൽറ്റിയിലൂടെ മത്സരം അവസാനിച്ചപ്പോൾ മൂന്ന്- രണ്ട് എന്ന സ്‌കോറിന് പാലക്കാട് കലാശപ്പോരാട്ടത്തിനു യോഗ്യത നേടി. മത്സരത്തിൽ പാലക്കാടിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകിയ സുഹൈൽ ആണ് മാൻ ഓഫ് ദി മാച്ച്ആയി തിരഞ്ഞെടുത്തത്. ടൂർണമെന്റ് കമ്മറ്റി
ചീഫ് കോർഡിനേറ്റർ മുജീബ് ഉപ്പട അവാർഡ് സമ്മാനിച്ചു.
ആദ്യ സെമി ഫൈനൽ വിജയികളായ കോഴിക്കോടുമായി പാലക്കാട് അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടും.
അൽ റയ്യാൻ പോളിക്ലിനിക് മാനേജിംഗ് ഡയറക്ടർ മുഷ്‌താഖ് മുഹമ്മദലി, ഇബ്റാഹീം തോണിക്കൽ, റഹീം സൊങ്കാൾ, ആഷിഖ്, റിഫ ടെക്നിക്കൽ
ഉസ്മാൻ ചെറുമുക്ക്, അഷ്‌റഫ് മോയൻ, സിദ്ദീഖ് കോനാരി, ഷറഫു വളളിക്കുന്ന, അലികുട്ടി കൂട്ടായി, ടി എ ബി അഷ്‌റഫ് പടന്ന, സദ്ദാം പട്ടാമ്പി, അബ്ദുൽ സലാം, സി. വി ഇസ്മായിൽ വളളിക്കുന്ന്, ശംസു തിരൂർ, അബൂബക്കർ ലത്തീഫ് തൃത്താല, ഹംസ കട്ടുപ്പാറ, ഫൈസൽ പട്ടിക്കാട, റഹ്‌മത്ത് അഷ്‌റഫ്, സഹീർ മജിദാൽ, നിഷാഫ് ബാലുശ്ശേരി(അൽ റയ്യാൻ പോളിക്ലിനിക്ക്), മുക്താർ പിടി കണ്ണൂർ, ഫൈസൽ വടകര, സൈഫു വളക്കൈ, ജാഫർ സാദിഖ് തളിപറമ്പ്, ഷമീർ പാലകുറ്റി, നൗഷാദ് വടക്കുമ്പാട്, അബുട്ടി വണ്ടൂർ, മജീദ് കണ്ണൂർ, ഹുസൈൻ ഏലംകുളം, യൂനുസ് മണ്ണാർക്കാട്, ഗഫൂർ മണ്ണാർക്കാട് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.