ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ച് 2500 രൂപ കവർന്നു; കത്തികാട്ടി മർദനം, സുരക്ഷാ ജീവനക്കാര്‍ സുഖനിദ്രയിൽ

0
19

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിൽ കടന്നുകയറി, ഉറങ്ങിക്കിടന്ന 21 വയസ്സുകാരിയെ കത്തികാട്ടി പീഡിപ്പിച്ചതായി പരാതി. മുഖംമറച്ച് എത്തിയ ഇയാൾ 2500 രൂപയുമായാണ് കടന്നത്. 29ന് പുലർച്ചെ 3 ഓടെ ബിടിഎം ലേഒൗട്ടിലെ ലക്ഷ്മണ ദുർഗ വനിതാ പിജിയിലാണ് സംഭവം.

കൂടെ താമസിക്കുന്ന മറ്റൊരു യുവതി ജോലി കഴിഞ്ഞ് മടങ്ങി എത്തേണ്ടതിനാൽ മുറി പൂട്ടിയിരുന്നില്ല. ഉറക്കത്തിൽ ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളംവച്ചപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി.

കടന്നുകളയാൻ ശ്രമിച്ചപ്പോൾ പിന്നാലെ ചെന്ന യുവതിയെ ഇടനാഴിയിലും ഇയാൾ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എസ്ജിപാളയ പൊലീസിനു ലഭിച്ചു. 2 മാസം മുൻപു പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാർ സംഭവസമയം ഉറങ്ങുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

ഓഗസ്റ്റ് 12ന് യെലഹങ്കയിലെ വനിതാ പിജിയിൽ സമാന രീതിയിൽ 30 വയസ്സുകാരിയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവരുകയും ചെയ്തിരുന്നു. പിജികളിലെ സുരക്ഷ ഉറപ്പാക്കാൻ ബിബിഎംപി നടപടി കർശനമാക്കിയിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നത് ആശങ്ക പടർത്തുന്നുണ്ട്.