ഭര്‍ത്താവിന്‍റെ കേസുമായി ബന്ധപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

0
18

മംഗളൂരു: ഭര്‍ത്താവിന്‍റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. സുഷ്മീത(23) ശ്രേഷ്ഠ(ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചാലു ഹെരഞ്ജെ ക്രോസിന് സമീപം തിങ്കളാഴ്ചയാണ് സംഭവം.

സുഷ്മീതയുടെ ഭർത്താവ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബംഗളൂരുവിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭർത്താവിന്‍റെ അഭാവത്തിൽ ബ്രഹ്മാവർ പൊലീസിലെ ഉദ്യോഗസ്ഥർ ഇവരുടെ വീട് സന്ദർശിച്ച് കേസിൽ ഭർത്താവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് സുഷ്മീതയെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇതിനെത്തുടര്‍ന്നുണ്ടായ പേടിയും അപമാനവും മൂലം സുഷ്മീത കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ബ്രഹ്മാവർ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനുമായി പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു.