ചെരിപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ പാമ്പിന്‍റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മഞ്ജു പ്രകാശ് (41) എന്ന സോഫ്റ്റ്‌വെയർ എന്‍ജിനീയറാണ് മരിച്ചത്. ശനിയാഴ്ച ബെംഗളൂരുവിലെ ബന്നാർഘട്ടയിലാണ് സംഭവം. കടയില്‍ പോയി തിരികെ എത്തിയ ശേഷമാണ് ചെരുപ്പിന് സമീപം പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജീവനക്കാരാനാണ് മരിച്ച മഞ്ജു പ്രകാശ്.
ക്രോക്സ് ചെരുപ്പിനുള്ളിലായിരുന്നു പാമ്പ്. ഉച്ചയ്ക്ക് 12.45 ഓടെ കടയില്‍ നിന്നും തിരിച്ചെത്തി ചെരുപ്പ് പുറത്തിട്ട് മുറിയിലേക്ക് പോയി. പിന്നീട് കുടുംബാംഗങ്ങളാണ് ചെരുപ്പിന് സമീപം ചത്ത പാമ്പിനെ കണ്ടത്. ചെരുപ്പിനുള്ളിൽ പാമ്പ് ഉണ്ടായിരുന്നിരിക്കാമെന്ന് സംശയത്തില്‍ പ്രകാശിന്‍റെ മുറിയിലേക്ക് കുടുംബക്കാരെത്തിയെങ്കിലും മരിച്ചിരുന്നു. മുൻപുണ്ടായ അപകടത്തിൽ കാലിന് മരവിപ്പ് അനുഭവപ്പെട്ടതിനാൽ പാമ്പ് കടിയേറ്റ സംഭവം അറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായില്‍ നിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്നു മഞ്ജു പ്രകാശിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം പ്രകാശ് മുറിയിൽ പോയി ഉറങ്ങി. ഏകദേശം ഒരു മണിക്കൂറിനു ശേഷം വീട്ടിലെത്തിയ തൊഴിലാളിയാണ് ക്രോക്സ് ചെരുപ്പിനുള്ളില്‍ പാമ്പിനെ കണ്ടതെന്ന് മഞ്ജുവിന്‍റെ സഹോദരന്‍ പറഞ്ഞു.