ജിദ്ദ: ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അൽ സഫ ഏരിയ കെഎംസിസിയുടെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ സംസംഗമം ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം, ബോധവൽക്കരണ ക്ലാസുകൾ, രാഷ്ട്രീയ ചർച്ചകൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു. സഫ ഏരിയ കെ എം സി സി പ്രസിഡന്റ് നസീർ പെരുമ്പള അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയ രാഹുൽ ഗാന്ധിയെ വേട്ടയാടാനുള്ള ഭരണകൂട ശ്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ഇന്ത്യൻ മതേതരത്വത്തിന് അദ്ദേഹം നൽകിയ സംഭാവനകളും അനുസ്മരിച്ചു. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ അദ്ദേഹം കണക്കുകൾ നിരത്തി വിമർശിച്ചു.
ശേഷം സമീർ ആമയൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആവേശകരമായ മുദ്രാവാക്യങ്ങൾ മുഴക്കി.
ചടങ്ങിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലേക്ക് കടന്നുവന്ന മുനീർ മൈലപ്പുറത്തിന് ഊഷ്മളമായ സ്നേഹാദരം നൽകി. ഏരിയ കെ എം സി സി ചെയർമാൻ മുഹമ്മദ് സമീർ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് റഹീം കോയ തങ്ങൾ പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ സെഷനുകൾ ഏറെ പ്രയോജനകരമായി. അബ്ദുൽ കരീം നോർക്ക പ്രവാസി ക്ഷേമനിധിയെക്കുറിച്ചും, വെൽഫെയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് സഊദി അറേബ്യയിലെ നിയമവശങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വരാനിരിക്കുന്ന പഞ്ചായത്ത് – മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. സമീർ ആമയൂർ സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.





