സഹപ്രവര്‍ത്തകയെ ഇന്ത്യക്കാരി കണ്ണുരുട്ടി; യുകെ നഴ്സിനു 30ലക്ഷം രൂപ നഷ്ടപരിഹാരം

0
82

ഒരു സഹപ്രവർത്തകയില്‍ നിന്ന് നിരന്തരമായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടലും നേരിട്ട നഴ്സിന് 30ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് തൊഴില്‍ ട്രൈബ്യൂണല്‍. ലണ്ടനിലാണ് സംഭവം. കണ്ണുരുട്ടല്‍ പോലുള്ള വാക്കേതര പ്രവര്‍ത്തികളും ജോലിസ്ഥലത്തെ പീഡനമായി കണക്കാക്കുമെന്ന് വിധിച്ചാണ് പിഴശിക്ഷ ലഭിച്ചത്.

ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് തൊഴിലുടമകളും ഉത്തരവാദികളായിരിക്കുമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. 

40 വർഷത്തിലേറെ പരിചയസമ്പത്തുള്ള 64 വയസ്സുകാരിയായ ഡെന്റൽ നഴ്‌സ് മോറിൻ ഹോവിസണിനാണ് നഷ്ടപരിഹാരം ലഭിച്ചത്. എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ കേന്ദ്രത്തില്‍വച്ച് ഏറ്റവും പരുഷവും ഭീഷണിപ്പെടുത്തുന്നതും വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റമാണ് സഹപ്രവര്‍ത്തകയില്‍ നിന്ന് നഴ്‌സ് നേരിട്ടതെന്ന് എഡിൻബർഗ് ട്രൈബ്യൂണൽ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

കേന്ദ്രത്തില്‍ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാലിനെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഹോവിസണിന് ജിസ്നയുമായുള്ള ബന്ധം വഷളായത്. ഇന്ത്യയില്‍ യോഗ്യതയുള്ള ദന്തഡോക്ടറായിരുന്നെങ്കിലും യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ജിസ്നയ്ക്ക് യോഗ്യതയുണ്ടായിരുന്നില്ല.  തുടര്‍ന്ന് ക്ലിനിക്കില്‍ ഹോവിസൺ വർഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികൾ ജിസ്നയ്ക്ക് ചെയ്യേണ്ടിവന്നു. 

തന്റെ സഹപ്രവർത്തക ആവർത്തിച്ച് അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തു എന്നതായിരുന്നു ഹോവിസണിന്റെ പരാതി. ജോലിസ്ഥലത്തുവച്ച് അവര്‍ കരയുന്ന സ്ഥിതിയും വന്നെത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ക്ലിനിക്ക് ഉടമ ഡോ. ഫാരി ജോൺസൺ വിത്തയത്തിനെ അറിയിച്ചു. അങ്ങനെയാണ് കാര്യങ്ങള്‍ നിയമവഴിക്കുപോയത്.