ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു; മലയാളി റിമാന്‍ഡില്‍

0
60

യു.കെയിലെ ലിങ്കണ്‍ഷെയറില്‍ ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച മലയാളി റിമാന്‍ഡില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി ഷിബു മാത്യൂസാണ് റിമാന്‍ഡിലായത്. ഓഗസ്റ്റ് 27നായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയോടെ ഷിബുവും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇത് മൂര്‍ച്ഛിച്ചതോടെ അടുക്കളയിലെ കത്തിയെടുത്ത് തുടരെ തുടരെ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ഉടന്‍ തന്നെ നോട്ടിങ്ഹാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ് യുവതി. സംഭവത്തില്‍ ഷിബുവിന്‍റെ മകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനുമാകും നിയമനടപടി നേരിടേണ്ടി വരിക. 

മാതാപിതാക്കള്‍ ഇരുവരും ഒപ്പമില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ നിലവില്‍ സോഷ്യല്‍ കെയറിലേക്ക് മാറ്റിയിരിക്കുകയാണ്. മുന്‍പും ഷിബു ഭാര്യയെ ഉപദ്രവിച്ചിട്ടുണ്ടെന്നും പൊലീസെത്തി താക്കീത് ചെയ്തിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഗാര്‍ഹിക പീഡനക്കേസ് ആയതിനാല്‍ തന്നെ കടുത്ത ശിക്ഷ ലഭിച്ചേക്കുമെന്നും നാടുകടത്തപ്പെടാനുള്ള സാധ്യതയും തള്ളാനാവില്ലെന്നും യു.കെയിലെ മലയാളികള്‍ പറയുന്നു.