മുംബൈ: മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തടസ്സം നിന്നതിനാൽ പെൺസുഹൃത്തിനെ കൊന്നു മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചയാൾ അറസ്റ്റിൽ. ദുർവാസ് ദർശൻ പാട്ടീൽ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകി ഭക്തി ജിതേന്ദ്ര മായേക്കർ (26) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 17 മുതൽ ഭക്തിയെ കാണാനില്ലെന്നു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണു ഭക്തി വീട്ടിൽനിന്നു പോയത്. കാണാതായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഇവരുടെ മൊബൈൽ ഫോൺ ഖണ്ഡാലയ്ക്കു സമീപം ഉണ്ടെന്നു കണ്ടെത്തി. ഇതിൽനിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സുഹൃത്തായ ദുർവാസിലേക്ക് പൊലീസ് എത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദുർവാസ് കുറ്റം സമ്മതിച്ചു.
മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിന്റെ പേരിൽ ഭക്തിയുമായി തുടർച്ചയായി വഴക്കുണ്ടായിരുന്നെന്നും, ഇവരെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നെന്നും ദുർവാസ് പൊലീസിന് മൊഴി നൽകി. കൊലപാതകത്തിനുശേഷം മൃതദേഹം അംബാ ഘട്ടിലെ കൊക്കയിൽ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദുർവാസിനെയും സഹായികളായ വിശ്വാസ് വിജയ് പവാർ, സുശാന്ത് ശാന്താറാം നരാൽകർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.