ന്യൂഡൽഹി: ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ ഡൽഹിയിൽ തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എഞ്ചിനിൽ നിന്ന് പൈലറ്റിന് തീപിടുത്തത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. യാത്രക്കാരെ ഉടൻ പുറത്തിറക്കി.
എയർ ഇന്ത്യ AI2913 വിമാനം ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് എഞ്ചിനിൽ തീ കണ്ടത്. തീപിടുത്ത സാധ്യതയുണ്ടെന്ന് പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് പെട്ടെന്ന് തിരിച്ചിറക്കുകയായിരുന്നെന്ന് ടാറ്റ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, പൈലറ്റ് എഞ്ചിൻ ഓഫ് ചെയ്യാൻ തീരുമാനിച്ച് ഡൽഹിയിലേക്ക് മടങ്ങി. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് എയർ സേഫ്റ്റി റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയാണെന്നും ഇൻഡോറിലേക്ക് ഉടൻ സർവീസ് നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനം പരിശോധനയ്ക്കായി നിർത്തിവെച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയാണ്. ആ വിമാനം ഉടൻ തന്നെ ഇൻഡോറിലേക്ക് സർവീസ് നടത്തും. സംഭവത്തെക്കുറിച്ച് റെഗുലേറ്ററെ കൃത്യമായി അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങളുടെ മുൻഗണന എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുൻപ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക തകരാറുമൂലം തിരിച്ചെത്തിയ സംഭവത്തിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്.