പൊന്നാനി: കൈക്കൂലിക്കേസിൽ നിന്നു തടിയൂരാൻ, പണം നൽകിയ ആളോടുതന്നെ സഹായം തേടി ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥൻ. കരാറുകാരനോടു സഹായം അഭ്യർഥിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. ബാങ്ക് അക്കൗണ്ടിൽ കൈപ്പറ്റിയ പണത്തിന്റെ വിവരം വിജിലൻസിനു ലഭിച്ചതിനു പിന്നാലെയാണു ഫോൺ സംഭാഷണം.
സംഭാഷണത്തിന്റെ റെക്കോർഡിങ്ങും ഗൂഗിൾ പേ ഇടപാടിന്റെ സ്ക്രീൻ ഷോട്ടും ലഭിച്ചു. സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ അക്കൗണ്ട് വഴിയും പണം കൈപ്പറ്റിയിട്ടുണ്ടെന്നു സംഭാഷണത്തിൽനിന്നു വ്യക്തമാകുന്നു. ഉദ്യോഗസ്ഥൻ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പൊന്നാനി ഓഫിസിൽ ജോലി ചെയ്ത കാലത്താണു സംഭവം. കരാറുകാരനോടുള്ള സഹായാഭ്യർഥനയുടെ പ്രധാന ഭാഗം ഇങ്ങനെ:
‘എന്നെ വിജിലൻസ് ഓഫിസിലേക്കു വിളിപ്പിച്ചിരുന്നു. എന്റെ അക്കൗണ്ട് വിവരങ്ങളും ഭാര്യയുടെ അക്കൗണ്ട് വിവരങ്ങളും അതിലേക്കു പണം അയച്ച കരാറുകാരുടെ നമ്പറുകളും അവർ വാങ്ങിവച്ചിട്ടുണ്ട്. എന്റെ ജോലി പോയാലും കുഴപ്പമില്ല. ഭാര്യയുടെ ജോലി പോകുന്നതാണു പ്രശ്നം. നിങ്ങളുടെ അക്കൗണ്ടിൽനിന്ന് ഒരു അൻപതും അൻപതും മുപ്പത്തഞ്ചും ഭാര്യയുടെ അക്കൗണ്ടിലേക്കു വന്നിട്ടുണ്ട്.
ഞാനൊരു വക്കീലിനെ കണ്ട് എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചിരുന്നു. അപ്പോൾ വക്കീൽ ചോദിച്ചത്, നിങ്ങൾ ഭാര്യയുടെ അക്കൗണ്ടിലേക്കു പണം അയച്ചതു നിങ്ങളുടെതന്നെ മറ്റൊരു ആവശ്യത്തിനു വേണ്ടിയായിരുന്നു എന്നു കാണിച്ച് ഒരു സ്റ്റേറ്റ്മെന്റ് ഉണ്ടാക്കാൻ പറ്റുമോ എന്നാണ്’
‘തായ്‌ലൻഡിൽ പോയി വന്നു, പണമില്ല’
ഹാർബർ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥൻ കരാറുകാരനോടു പണം ആവശ്യപ്പെടുന്ന മറ്റൊരു ഫോൺ സംഭാഷണവും ലഭിച്ചു. തായ്‌ലൻഡിൽ വിനോദയാത്ര കഴിഞ്ഞു വന്നപ്പോൾ പണമെല്ലാം കഴിഞ്ഞെന്നും എന്തെങ്കിലും അയയ്ക്കൂവെന്നായിരുന്നു ആവശ്യം.
….