ലക്ഷ്മി മേനോന്റെ ബന്ധം ദുരൂഹം, ഒപ്പം ഉണ്ടായിരുന്നത് ക്വട്ടേഷൻ ടീം അംഗം; സ്വർണം തട്ടിയെടുക്കൽ കേസിലും പ്രതി

0
152

കൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും. കേസിൽ അറസ്റ്റിലായ മൂന്നു പേരിൽ ഒന്നാം പ്രതി വടക്കൻ പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹന് (35) എതിരെ സ്വര്‍ണം തട്ടിയെടുക്കൽ അടക്കമുള്ള കേസുകളുണ്ട്.

രണ്ടാം പ്രതി ഗോതുരത്ത് സ്വദേശി അനീഷിനെതിരെ നാശനഷ്ടമുണ്ടാക്കിയതിനു കേസുണ്ട്. ചങ്ങനാശേരി സ്വദേശി സോന മോൾ (25) ആണ് കേസിൽ അറസ്റ്റിലായ മൂന്നാമത്തെ പ്രതി. ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. 

യുവാവിന്റെ പരാതിയിൽ കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പൊലീസ് അറിയുന്നത്. അപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പിടിയിലായവരുടെ ചരിത്രം ചികഞ്ഞപ്പോഴാണ് മിഥുൻ മോഹൻ ക്വട്ടേഷൻ ടീമംഗവും ക്രിമിനൽ കേസ് പ്രതിയുമാണെന്ന് പൊലീസിനു മനസിലായി. 2023 നവംബറിൽ പൊലീസ് ചമഞ്ഞ് സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന കേസിലെ പ്രതികളിലൊരാളാണ് മിഥുൻ. ഡിസംബർ ആദ്യം മിഥുനേയും വടക്കൻ പറവൂർ ഓലിയത്ത് ബിനോയ് (52), തൃശൂർ ചേറൂർ ചേർപ്പിൽ വിനീഷ് കുമാർ (45) എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇവർ ജാമ്യത്തിലാണ്. 

ആലുവ സ്വദേശിയായ സ്വർണ വ്യാപാരിയുടെ അടുത്ത സുഹൃത്തു കൂടിയായ വിനീഷ് കുമാർ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവർത്തനം. തൃശൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപന നടത്താനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞു. തുടര്‍ന്ന് വ്യാപാരിയെ ബലമായി പിടിച്ചു കാറിൽ കയറ്റി മർദിച്ചവശനാക്കുകയും സ്വർണം കവരുകയുമായിരുന്നു. മിഥുനെതിരെയുള്ള കേസുകൾ പരിശോധിച്ചു വരികയാണെന്ന് എറണാകുളം നോർത്ത് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.