കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിലെ കൂട്ട ആത്മഹത്യയിൽ ഞെട്ടി നാട്ടുകാർ. മുളവിനി വീട്ടിൽ ഗോപി, ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ്, രാകേഷ് എന്നിവരാണ് ആസിഡ് കുടിച്ചത്. രാകേഷ് ഒഴികെ മൂന്നു പേരും മരിച്ചു. ആസിഡ് കുടിച്ച ശേഷം രാകേഷ് ആണ് ബന്ധുവിനെ വിളിച്ചതെന്നാണ് വിവരം. ഇളയച്ഛനായ നാരായണനെ വിളിച്ച് ‘തീരെ വയ്യെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും’ പറഞ്ഞു. നാരായണൻ ജീപ്പ് എടുത്ത് എത്തിയപ്പോഴേക്കും നാല് പേരും ആസിഡ് കുടിച്ച നിലയിലായിരുന്നു.
ഇവരെ നാട്ടുകാരുടെ സഹായത്തോടെ ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി മരിച്ചു. ഭാര്യ ഇന്ദിര, മകൻ രഞ്ജേഷ് എന്നിവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയും മരിച്ചു. രാകേഷ് അപകടനില തരണം ചെയ്തെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്കരിക്കും.
വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതുന്നത്. നാല് വർഷം മുമ്പാണ് രഞ്ജേഷും രാകേഷും ഗൾഫിൽ നിന്നു നാട്ടിലെത്തി മിനി സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ഇത് നഷ്ടത്തിലായതോടെ രണ്ടു വർഷം മുൻപു പൂട്ടി. പിന്നീട് ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുകയായിരുന്നു.
ഗോപി കൃഷിപ്പണിക്കാരനും ഇന്ദിര ബീഡി നിർമാണത്തൊഴിലാളിയുമായിരുന്നു. മിനി സൂപ്പർമാർക്കറ്റ് നഷ്ടത്തിലായതിനെത്തുടർന്നുള്ള കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നതെങ്കിലും വൻ സാമ്പത്തിക ബാധ്യത ഉള്ളതായി നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിവില്ല. രണ്ടേക്കറിലധികം സ്ഥലമുള്ള ഇവർക്ക് സ്ഥലം വിറ്റാലും കടം വീട്ടാൻ സാധിക്കുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. രഞ്ജേഷ് വിവാഹ മോചിതനാണ്. രാകേഷ് അവിവാഹിതനാണ്.
