പള്ളിയിലെ വൈദ്യുതി മോഷ്ടിച്ച് സൂപ്പര്‍മാര്‍ക്കറ്റ്: നടപടി

0
168

റിയാദ്: അല്‍-ഖുവായിയ ഗവര്‍ണറേറ്റിലെ സുബ്ഹ സെന്ററിലുള്ള പള്ളിയില്‍ നിന്ന് വൈദ്യുതി മോഷണം നടത്തിയതായി ഇസ്ലാമിക കാര്യ, പ്രബോധന, മാര്‍ഗനിര്‍ദേശ മന്ത്രാലയം കണ്ടെത്തി. പള്ളിയോട് ചേര്‍ന്നുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റാണ് ഈ മോഷണത്തിന് പിന്നില്‍.

ഭക്ഷ്യവസ്തുക്കള്‍ നിറച്ച വലിയ ഫ്രിഡ്ജുകള്‍, എയര്‍ കണ്ടീഷണറുകള്‍, മറ്റ് വൈദ്യുതി ഉപഭോഗം കൂടുതലുള്ള ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പള്ളിയിലെ വൈദ്യുതി മോഷ്ടിച്ചത്. ഇതിനായി ഇവര്‍ തങ്ങളുടെ കുറഞ്ഞ വൈദ്യുതി ഉപയോഗമുള്ള ലൈറ്റുകളും പരസ്യ ബോര്‍ഡും മാത്രം അവരുടെ സ്വന്തം മീറ്ററുമായി ബന്ധിപ്പിക്കുകയും, കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പള്ളിയുടെ മീറ്ററില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കുകയുമായിരുന്നു.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ നിയമലംഘനം സംബന്ധിച്ച കേസ് തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കഴിഞ്ഞ കാലയളവില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉപയോഗിച്ച മുഴുവന്‍ വൈദ്യുതിയുടെയും ബില്‍ ഈടാക്കി നിയമലംഘകര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1933 എന്ന ഏകീകൃത നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പള്ളികളുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.