ഹൈദരാബാദിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്ന പെൺകുട്ടികളെ മയിൽപ്പീലി ഉപയോഗിച്ച് ശല്യപ്പെടുത്തിയ മൂന്ന് യുവാക്കൾ പിടിയിലായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അനികേത് ഷെട്ടി എന്ന യുവാവ് പോസ്റ്റ് ചെയ്തതിനെ തുടര്ർന്ന്, ഇത് വലിയ ചർച്ചയ്ക്ക് വഴിവച്ചു.
വീഡിയോയിൽ, രണ്ട് പെൺകുട്ടികൾ സ്കൂട്ടറിൽ പോകുന്നതും അവരെ മൂന്ന് യുവാക്കൾ മറ്റൊരു സ്കൂട്ടറിൽ പിന്തുടരുന്നതും വ്യക്തമാണ്. യുവാക്കൾ പെൺകുട്ടികളുടെ സ്കൂട്ടറിനടുത്തെത്തി, കയ്യിലുണ്ടായിരുന്ന മയിൽപ്പീലി കൊണ്ട് അവരെ സ്പർശിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. അനികേത് ഒച്ചവച്ചപ്പോൾ യുവാക്കൾ അവനെ തിരിഞ്ഞുനോക്കി, പിന്നീട് വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
അനികേത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിച്ചതനുസരിച്ച്, മുന്നിലുണ്ടായിരുന്ന ഒരു കാർ വഴി മാറ്റിത്തരാത്തതിനാൽ യുവാക്കളെ കൂടുതൽ ദൂരം പിന്തുടരാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയപ്പോഴും തനിക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായില്ലെന്നും, ഭാര്യ കൂടെയില്ലായിരുന്നെങ്കിൽ താൻ എന്തെങ്കിലും പ്രതികരിച്ചേനെയെന്നും അനികേത് വ്യക്തമാക്കി. “ഇത് എന്റെ ഭാര്യയ്ക്കോ, സുഹൃത്തുക്കൾക്കോ, സഹപ്രവർത്തകരായ സ്ത്രീകൾക്കോ സംഭവിക്കാമായിരുന്നു. ഇത്തരം പ്രവൃത്തികൾക്കെതിരെ ശബ്ദമുയർത്തലല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്തത് ലജ്ജാകരമാണ്,” എന്നും അനികേത് കുറിച്ചു.
പോസ്റ്റിൽ പൊലിസിനെ ടാഗ് ചെയ്തതോടെ, അധികൃതർ സംഭവത്തോട് പ്രതികരിച്ചു. ജൂബിലി ഹിൽസിലെ നീരുസ് സിഗ്നലിന് സമീപം നിന്നാണ് യുവാക്കൾ പെൺകുട്ടികളെ ശല്യപ്പെടുത്താൻ തുടങ്ങിയത്. അനികേത് യുവാക്കളെ യുആർ ലൈഫ് സ്റ്റുഡിയോയുടെ എതിർവശം വരെ പിന്തുടർന്നതായും വ്യക്തമാക്കി. പൊലിസ് യുവാക്കളെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പോസ്റ്റിന് മറുപടിയായി അറിയിച്ചു.





