പാലക്കാട്: തനിക്കെതിരെയുണ്ടായ ലൈംഗിക പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ പാർട്ടി വിട്ടുപോയ ‘അസുര വിത്താണ്’ എന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതി 2024ൽ കോടതി തള്ളിക്കളഞ്ഞതാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ഭാര്യാപിതാവിന്റെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് വ്യാജ പരാതി ഉന്നയിച്ചതെന്നും തേങ്ങ ഉടയ്ക്ക് സ്വാമീ എന്ന് പറഞ്ഞ് നനഞ്ഞ പടക്കമാണ് പൊട്ടിച്ചതെന്നും സി.കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസ് ‘അസുരവിത്തി’നെ കൊണ്ട് അനുഭവിക്കാൻ ഇരിക്കുകയാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
‘‘ഇതിനു മുൻപും ഇവർ പരാതി നൽകിയിട്ടുണ്ട്. 2014ൽ ഭാര്യാപിതാവ് എഴുതിവച്ച് വിൽപത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഇതോടെ വീട്ടിലെത്തുകയും എന്നോടും ഭാര്യയോടും പരാതിക്കാരി തർക്കിച്ചു. ഇതിന്റെ ഭാഗമായാണ് പരാതിക്കാരി പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ലൈംഗികമായി പീഡിപ്പിച്ചു, മർദിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിനുപുറമെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മറ്റൊരു സിവിൽ പരാതി കോടതിയിലും നൽകി. സിവിൽ കേസിൽ 2023ൽ ഞങ്ങൾക്ക് അനുകൂലമായി വിധി വന്നു.
ലൈംഗിക പീഡന പരാതി നൽകിയ 2014ൽ പൊലീസ് കേസ് അന്വേഷിക്കുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ലൈംഗിക പീഡനാരോപണം തള്ളിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ കേസിൽ 2024 ൽ എനിക്ക് അനുകൂലമായി വിധി വന്നു. ആരോപണങ്ങൾക്ക് യാതൊരു വാസ്തവവുമില്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാതിരുന്നത്.’’ – സി.കൃഷ്ണകുമാർ പറഞ്ഞു.
‘‘നനഞ്ഞ പടക്കം പോലെയാണ് ഈ ആരോപണം. വ്യാജവാർത്ത ചമച്ചവർക്കെതിരെ നിയമനടപടിയെടുക്കും. ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടി വിട്ടു പോയ അസുരവിത്താണ്. തേങ്ങ ഉടയ്ക്ക് സ്വാമീ എന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഉടച്ചത് 2015ലും 2020ലും പൊട്ടിച്ച നനഞ്ഞ പടക്കമായിരുന്നു എന്ന് മാത്രം. ഇയാളെക്കൊണ്ട് കോൺഗ്രസ് പാർട്ടി അനുഭവിക്കാൻ പോകുകയാണ്. പാർട്ടി അധ്യക്ഷന് ഇമെയിൽ അയച്ചാൽ അതിന് മറുപടി വരും. അത് ആര് അയച്ചാലും മെയിലിൽ ഒരു മറുപടി വന്നിരക്കും. ഇക്കാര്യം സംസ്ഥാന അധ്യക്ഷനുമായി സംസാരിച്ചു. കാര്യങ്ങൾ എല്ലാം വിശദമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എനിക്കെതിരായ ഈ ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കില്ല’’ – കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.