- ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സഊദിയിലെത്തിയത്
ദമാം: സഊദി പ്രവാസികളെ ഞെട്ടിച്ച കൊലപാതക, ആത്മഹത്യ ശ്രമത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ദമാമിലെ സാമൂഹ്യപ്രവർത്തകർ വെളിപ്പെടുത്തുന്നത്. ബുധനാഴ്ച്ച പുലർച്ചെയാണ് പ്രവാസികളെ ഞെട്ടിച്ച മൂന്ന് കുട്ടികളുടെ കൊലപാതകവും ഇവരുടെ മാതാവിന്റെ ആത്മഹത്യ ശ്രമവും പുറത്ത് വന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കിഴക്കൻ സഊദിയിലെ അൽകോബാർ ശിമാലിയയിലെ താമസ സ്ഥലത്താണ് ഇന്ത്യൻ സ്വദേശിനിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മകൻ മുഹമ്മദ് യുസുഫ് അഹമ്മദി(3)നെയും ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6), എന്നിവരെയും കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ.
കുട്ടികളെ കൊലപ്പെടുത്താൻ ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്രമം നടത്തിയതായാണ് വിവരം. ഇതിൽ വെള്ളം നിറച്ച് കുട്ടികളെ അതിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാമൂഹിക പ്രവർത്തകർ വെളിപ്പെടുത്തുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ ശ്രമം. ഇതിന് ശ്രമിക്കവേ യുവതി കാൽവഴുതി വീണ് ബോധം നഷ്ടപ്പെട്ടതായാണ് വിവരം.
പിന്നീട് ഭർത്താവ് എത്തി വിളിച്ചപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്. ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തായിരുന്ന സമയം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഭാര്യക്ക് മാനസിക പ്രശ്‌നമുള്ളതായാണ് ഭാർത്താവ് പറയുന്നത്. ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സഊദിയിലെത്തിയത്.
സഊദി റെഡ്ക്രസൻറ് എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. സൈദയെ പോലീസ് ചോച്യം ചെയ്തു. ആത്മഹത്യാ ശ്രമത്തിൽ പരിക്കേറ്റ സൈദാ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ദമാമിൽ തന്നെ മറവ് ചെയ്യാനാണ് തീരുമാനം.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക