നബിദിനം: യുഎഇയിൽ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു; പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

0
59

ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ സെപ്റ്റംബർ 5-ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഇത് വാരാന്ത്യ അവധിക്കൊപ്പം (ശനി, ഞായർ) മൂന്ന് ദിവസത്തെ നീണ്ട അവധിക്ക് വഴിയൊരുക്കും.

ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.

ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും. റബി അൽ അവ്വൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് യുഎഇയിൽ സഫർ മാസം 30 ദിവസമായി കണക്കാക്കിയത്. അതിനാൽ ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസം ഇന്നലെ( 25) ആരംഭിച്ചു. അതുകൊണ്ടാണ് റബി അൽ അവ്വൽ 12 സെപ്റ്റംബർ 5-ന് വരുന്നത്.

ഈ വർഷം സൗദിയും യുഎഇയും ഒരേ ദിവസം പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്നില്ല. യുഎഇയെക്കാൾ ഒരു ദിവസം മുൻപാണ് സൗദി മാസപ്പിറവി കണ്ടത്. ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഹിജ്‌റ കലണ്ടർ. ഓരോ മാസവും ആരംഭിക്കുന്നത് മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ്. ഓരോ ഹിജ്‌റ മാസത്തിലെയും 29-ാം ദിവസം യുഎഇയിലെ മാസപ്പിറവി കമ്മിറ്റി അടുത്ത ഇസ്‌ലാമിക മാസം പ്രഖ്യാപിക്കാൻ യോഗം ചേരാറുണ്ട്.