മെസിക്കെതിരെ പടവെട്ടാൻ അർജന്റീനയുടെ എതിരാളി ആയി സഊദി അറേബ്യ? ലോകകപ്പ് അങ്കം ആവർത്തിക്കുമോ..? ആവേശത്തോടെ ആരാധകർ

0
96
  • മുൻനിരയിൽ മൂന്ന് ടീമുകളെന്നു റിപ്പോർട്ട് 

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചതിന്  പിന്നാലെ എതിരാളികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിൽ ആരാധകർ. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന അർജന്റീനയുടെ മൂന്ന് മത്സരങ്ങളുടെയും എതിർ ടീമുകൾ ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ ആറ് മുതൽ 14 വരെ ഷെഡ്യൂളിലെ ആദ്യ മത്സരം അമേരിക്കയിലാണ്.

നവംബർ 10-18 രണ്ടാം ഷെഡ്യൂളിലാണ് അംഗോളയിലേക്കും കേരളത്തിലേക്കുമായി ടീം പുറപ്പെടുന്നത്. എതിർ ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് അർജന്റീന ഫുട്ബാൾ അസോസിയേഷനും, കേരളത്തിലെ സംഘാടകരും അറിയിക്കുന്നത്. അർജന്റീന ടീമിന്റെ കേരള പര്യടനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതൽ ഫാൻ ഗ്രൂപ്പുകളിലും പേജുകളിലും ഏറ്റവും വലിയ ചർച്ചയും എതിരാളികൾ ആരായിരിക്കുമെന്നതാണ്.

കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച് ഏവരെയും അമ്പരപ്പിച്ച സഊദി അറേബ്യ എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. കൂടാതെ, ലോകകപ്പിന്റെ ആതിഥേയരായ ഖത്തറും പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്. ലോകകപ്പിൽ അർജന്റീനക്ക് കിരീടത്തിലേക്കുള്ള കുതിപ്പിന് ഊർജമായി മാറിയത് സഊദി അറേബ്യയോടേറ്റ തോൽവിയാണെന്ന് വിശ്വസിക്കുന്ന ആരാധകർ ഏറെയുണ്ട്. കിരീട സ്വപ്നവുമായെത്തിയ ലയണൽ മെസ്സിയെയും സംഘത്തെയും 2-1ന് അട്ടിമറിച്ച സഊദിയുടെ കളി കണ്ട് ലോകം തന്നെ അതിശയിച്ചിരുന്നു.

ഈ തോൽവിയൽ നാണക്കേടിലായ അർജന്റീന ഉയിർത്തെഴുന്നേറ്റ ശേഷം അവസാനിച്ചത് കിരീട വിജയത്തിലായിരുന്നുവെന്നതാണ് ഹൈലൈറ്റ്. സഊദിയെ കേരളത്തിൽ കളിക്കാൻ കിട്ടിയാൽ പഴയ നാണക്കേടിന് മധുര പ്രതികാരം തീർക്കാമെന്ന ആരാധകരും ചെറുതല്ല. മലയാളികൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് വലിയ നാണക്കേടായിരുന്നു ഈ തോൽവി.  ലോകകപ്പിന്റെ പ്രീക്വാർട്ടറിലായിരുന്നു ആസ്ട്രേലിയയും അർജന്റീനയും ഏറ്റുമുട്ടിയത്. സഊദി അറേബ്യയോ, ആസ്ട്രേലിയയോ ആണ് വരുന്നതെങ്കിൽ കഴിഞ്ഞ ലോകകപ്പിന്റെ ‘റീ പ്ലെ’ ആയിരിക്കും ആരാധകർക്ക് സമ്മാനിക്കുന്നത്.

ലയണൽ മെസ്സിയും അൽവാരസും സ്കോർ ചെയ്ത മത്സരത്തിൽ 2-1നായിരുന്നു അർജന്റീനയുടെ വിജയം. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ് അർജന്റീന. ഫിഫ റാങ്കിൽ 50ൽ താഴെ സ്ഥാനക്കാർ മാത്രമേ അർജന്റീനയുടെ എതിരാളികളായി വരൂ. ആസ്ട്രേലിയക്ക് പുറമെ, ലോകറാങ്കിങ്ങിൽ 12ാം സ്ഥാനക്കാരായ മൊറോക്കോ, 40ാം സ്ഥാനക്കാരായ കോസ്റ്ററീക ടീമുകളും മുൻനിരയിലുണ്ട്. ഇവരുമായി ചർച്ച നടന്നുവെന്നാണ് സൂചന. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തിയ സംഘമായിരുന്നു മൊറോക്കോ.

ജപ്പാൻ (17ാം റാങ്ക്), ഇറാൻ (20), ദക്ഷിണ കൊറിയ (23), ആസ്ട്രേലിയ (24) ടീമുകൾക്ക് ഏഷ്യയിൽ നിന്നും 50ലുള്ളവർ. നിലവിലെ റാങ്കിങ്ങിൽ ഖത്തർ 53ലും, സൗദി അറേബ്യ 59ലുമാണുള്ളത്. നവംബർ 10നും 18നുമിടയിൽ നടക്കുന്ന മത്സരത്തിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാവും വേദിയാകുന്നത്.