രാജ്യത്ത് എയര്‍ടെല്‍ സേവനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് മൊബൈൽ വോയ്‌സ്, ഡാറ്റ സേവനങ്ങളിൽ തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. ചില ഉപയോക്താക്കൾ സിഗ്നൽ തടസ്സങ്ങളെക്കുറിച്ചും പൂർണ്ണമായ ബ്ലാക്ഔട്ടുകളെക്കുറിച്ചും പരാതിപ്പെട്ടിട്ടുണ്ട്.
ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടർ അനുസരിച്ച് ഞായറാഴ്ച രാവിലെ 10.44 ഓടെയാണ് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് 12.14 ന് 7,000-ത്തിലധികം ഉപയോക്താക്കൾ കോളുകൾ ചെയ്യുന്നതിനോ ഇന്റർനെറ്റ് ആക്‌സസ് ചെയ്യുന്നതിനോ പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഡൗൺഡിറ്റക്ടർ ഡാറ്റ പ്രകാരം 52% എയർടെൽ ഉപയോക്താക്കൾ കോളുകള്‍ ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, 32% ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. 17% ഉപയോക്താക്കൾ പൂർണ്ണമായും ബ്ലാക്ക്‌ഔട്ട് നേരിട്ടതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡൽഹി, ജയ്പൂർ, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കട്ടക്ക്, കൊൽക്കത്ത എന്നിവയുൾപ്പെടെ ഒന്നിലധികം നഗരങ്ങളിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിലടക്കം എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ പ്രശ്‌നം നേരിടുന്നതായാണ് ഡൗണ്‍ ഡിറ്റക്റ്ററില്‍ പരാതികളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് ഭാരതി എയര്‍ടെല്‍.
ഓഗസ്റ്റ് 19 നും സമാനരീതിയില്‍ എയര്‍ടെല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഉപഭോക്താക്കളെ തടസ്സം ബാധിക്കുകയുണ്ടായി. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ എയർടെല്ലിന്റെ സേവനങ്ങൾ പ്രവർത്തനരഹിതമാകുന്നത് ഇത് രണ്ടാം തവണയാണ്. സേവനങ്ങളില്‍ തടസം നേരിട്ടതിന് പിന്നാലെ എയർടെൽ ഉപയോക്താക്കൾ എക്‌സിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.