ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തെ ചൊല്ലി നടക്കുന്ന കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന് കേന്ദ്രത്തിന് സംശയം. നിമിഷ പ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്.
ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചന നീക്കം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് തുടരുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് മാത്രമെ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ളവർ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടർ നടപടികളിൽ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ വിഷയത്തിലേക്ക് കടന്നുവന്നത്.
നിമിഷപ്രിയക്ക് വേണ്ടി ആക്ഷൻ കൗൺസിൽ ഒരുഭാഗത്ത് ശക്തമായ ഇടപെടൽ നടത്തുമ്പോൾ പോളിന് പിന്തുണ നൽകുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭാർത്താവ് ടോമി സ്വീകരിക്കുന്നത്. അതിനാൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു.
ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ എ പോൾ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിൽ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നത്.
….