പാലക്കാട്: ‘ആറു ദിവസം മുറിയിൽ അടച്ചിട്ടു. കൃത്യമായ ഭക്ഷണവും വെള്ളവും തന്നില്ല. മരിച്ചുപോകുമെന്ന് പേടിച്ചു. പ്രാഥമിക ആവശ്യങ്ങൾക്കുപോലും പുറത്തേക്ക് വിട്ടില്ല’– ഇടുക്കപ്പാറ ഊർക്കുളംകാട്ടിൽ സ്വകാര്യ തോട്ടത്തിലെ ഹോംസ്റ്റേയിൽ തൊഴിലാളിയായിരുന്ന ആദിവാസി യുവാവ് വെള്ളയ്യൻ പറയുന്നു.
തോട്ടത്തിൽ സൂക്ഷിച്ചിരുന്ന മദ്യം എടുത്തു കുടിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ മുറിക്കകത്ത് അടച്ചിട്ടത്. ഹോം സ്റ്റേയ്ക്ക് പഞ്ചായത്തിൽനിന്ന് അനുമതിയില്ല. ഹോംസ്റ്റേയിൽ ദുരൂഹമായ കാര്യങ്ങൾ നടക്കുന്നതായി നാട്ടുകാരിൽ ചിലർ ആരോപിച്ചു.
സംഭവത്തിൽ ഹോംസ്റ്റേ ഉടമകളിലൊരാളായ രംഗനായകിയെ (62) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ഊർക്കുളംകാട്ടിൽ നിന്നായിരുന്നു അറസ്റ്റ്. മറ്റൊരു പ്രതിയും രംഗനായകിയുടെ മകനുമായ പ്രഭു ഒളിവിലാണ്. പ്രതികൾക്കെതിരെ എസ്‌സി– എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്. രംഗനായകിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.