മാനത്ത് റബീഇന്റെ പൊൻപ്രഭ പിറന്നു, റബിഉൽ അവ്വൽ സമാഗതമായി; പ്രവാചകപിറവിയുടെ ഒന്നര സഹസ്രാബ്ദം, വരവേറ്റ് ലോകം

0
115

ദുബൈ: സർവ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകൻറെ വിശുദ്ധ പിറവിയുടെ 1500-ാമത് വർഷത്തെ സമുചിതമായി വരവേൽക്കാനൊരുങ്ങി മുസ്‌ലിം ലോകം. റബീഉൽഅവ്വലിന്റെ പൊൻപ്രഭ തെളിഞ്ഞതോടെ ആഗോള വിശ്വാസികൾക്ക് വർണാഭമായ ആഘോഷങ്ങളുടെയും അതിരുകളില്ലാത്ത സ്‌നേഹപ്രകടനത്തിന്റെയും ദിനങ്ങളാണ് വന്നുചേർന്നിരിക്കുന്നത്. ദൈവദൂതരായി നിയോഗിക്കപ്പെട്ടതു മുതൽ പ്രവാചകൻ സഹിച്ച ത്യാഗങ്ങളും പകർന്നു തന്ന മൂല്യങ്ങളും വിശ്വാസത്തിന്റെ മാധുര്യവും അറിഞ്ഞവരാണ് വിശ്വാസികൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിൽ റബിഉൽ അവ്വൽ മാസപ്പിറവി വ്യക്തമാക്കി മക്കയിലെ ക്ലോക്ക് ടവറിൽ വർണ്ണം തെളിയിച്ചു.

രാജ്യത്ത് മാസപ്പിറവി അറിയിക്കാൻ സാധാരണ ലൈറ്റ് തെളിയിക്കാറുണ്ട്. ഇതോടെ സഊദിയിൽ ഞായറാഴ്ച റബിഉൽ അവ്വൽ ഒന്ന് ഞായറാഴ്ച ആരംഭിക്കും. സഊദിയിൽ പ്രവാചകൻറെ ജൻമദിനം സെപ്‌തംബർ നാലിനാണ്. റബീഉൽ അവ്വലിന്റെ 12-ാം ദിവസമാണ് പ്രവാചകൻറെ ജന്മദിനം.

അതേസമയം, ഒമാനിൽ നബിദിനം സെപ്തംബർ അഞ്ചിനാണ്. ഇന്ന് മാസം കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, നാളെ (ഓഗസ്റ്റ് 24) സഫർ മാസം പൂർത്തിയാക്കി, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും.

വിശ്വാസികൾ കൂടുതൽ നന്മകൾ ചെയ്യാൻ ഈ മാസത്തിൽ സമയംകണ്ടെത്തുന്നതും പ്രവാചകരോടുള്ള സ്നേഹത്താൽ തന്നെയാണ്. പരിശുദ്ധ ഖുർആനും ഹദീസും പാരായണം ചെയ്‌തും അനുവദനീയമായ അലങ്കാരങ്ങൾ ചെയ്‌തും ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായും വിശ്വാസികൾ പ്രവാചകരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. അറബ് നാടുകളും ഇതിനായി അണിഞ്ഞൊരുങ്ങി തുടങ്ങി.

അതിവിപുലമായ ആഘോഷങ്ങളാണ് സഊദി അറേബ്യ ഉൾപ്പെടെയുള്ള  അറബ് രാജ്യങ്ങളിൽ നടക്കാറുള്ളത്. വലിയ മൗലിദ് സദസുകളാണ് അറബ് നാടുകളിലെ മീലാദ് ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത്. പല അറബ് രാഷ്ട്രങ്ങളിലും മതകാര്യ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ തന്നെ സംഘടിപ്പിക്കുന്നതാണ് മൗലിദുന്നബി ആഘോഷ പരിപാടികൾ.

പാകിസ്ഥാൻ, സുഡാൻ, സിറിയ, ടുണീഷ്യ, മൊറോക്കോ, ലിബിയ, അൾജീരിയ, ഇറാഖ്, എത്യോപ്യ, നൈജീരിയ, ഉക്രൈൻ, ഹോളണ്ട്, ഫ്രാൻസ്, ആസ്‌ത്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മീലാദുന്നബി ആഘോഷ പരിപാടികൾ അറിയപ്പെടുന്നതും അതിവിപുലവുമാണ്. ഇത്തവണ 1500-ാമത് നബിജന്മദിനത്തെ കൂടുതൽ വർണാഭമാക്കാൻ വിവിധ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

പ്രവാചകന്റെ മാതൃകാപരമായ ജീവിതം, മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ദൃഢമായ നിലപാട്, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ കൂടുതൽ വായിക്കപ്പെടുകയും തിരുനബി കൈമാറിയ സന്ദേശം കൂടുതൽ ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഓരോ മീലാദുന്നബി ആഘോങ്ങളുടെയും ഏറ്റവും വലിയ പ്രത്യേകത.

ആഗോളതലത്തിൽ വിശ്വാസികൾക്കുമേൽ ‘ഭീകരത’  മുദ്രചാർത്തപ്പെടുകയും യുദ്ധവും പട്ടിണിയും  കാരണം സമാനതകളില്ലാത്ത കെടുതി അനുഭവിക്കുകയും രോഗങ്ങളും ദുരന്തങ്ങളും കാരണം മാനവരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പുതിയ ലോകക്രമത്തിൽ തിരുനബിയുടെ സഹിഷ്ണുതയുടെ സന്ദേശങ്ങൾക്ക് വർധിച്ച പ്രസക്തി കൈവരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

പ്രവാചകന്റെ സന്ദേശം ഇന്നത്തെ ലോകത്തിന് ഏറ്റവും അത്യാവശ്യമാണന്നും  മനുഷ്യാവകാശങ്ങളും സമാധാനവും പിന്തുടരേണ്ടതിന്റെ ഉത്തമ മാതൃക പ്രവാചക ജീവിതമാണന്നും തിരിച്ചറിയപ്പെട്ട കാലത്താണ് തിരുനബി ആഘോഷിക്കപ്പെടുന്നത് എന്നുള്ള പ്രത്യേകതയും ഇത്തവണത്തെ 1500ാമത് ആഘോഷത്തിനുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക