രാഹുലിന് പകരക്കാരന്‍;അധ്യക്ഷ സ്ഥാനം പിടിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി ഗ്രൂപ്പ് നേതാക്കള്‍

0
112

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍, കെഎം അഭിജിത്ത് എന്നിവരുടെ പേരുകളാണ് മുഖ്യ പരിഗണനയില്‍. അധ്യക്ഷ സ്ഥാനം പിടിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

അസ്വാരസ്യങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കരുത്തുറ്റ നേതൃത്വം വേണമെന്നാണ് പൊതുവികാരം. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാണ്.

അബിന് സ്വാഭാവിക നീതി നിഷേധിക്കപ്പെടരുത് എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. രാഹുലിനോളം പൊതു സ്വീകാര്യത ഉള്ള നേതാവാണ് അബിന്‍ എന്ന കാര്യവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സാമുദായിക സമവാക്യം എന്ന മാനദണ്ഡം മുന്നോട്ട് വച്ച് അബിനെ ഒഴിവാക്കിയാല്‍ അതൃപ്തികള്‍ പരസ്യമായേക്കും. കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അധ്യക്ഷ സ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു ബിനു ചുള്ളിയിലിന്റേത്. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയാണ് നിലവിലെ നിയമനം. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകും എന്നാണ് ബിനു ക്യാമ്പിന്റെ ആത്മ വിശ്വാസം.

കെഎസ്‌യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് ആണ് പരിഗണന പട്ടികയില്‍ മുന്‍പന്തിയിലുള്ള മറ്റൊരാള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. ഏറ്റവും ഒടുവില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എം കെ രാഘവന്റെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം ഹൈക്കമാന്‍ഡ് നേതൃത്വത്തെ കണ്ടു പരാതിയും അറിയിച്ചു. ഇത്തരത്തിലുള്ള പിന്തുണ കണക്കിലെടുത്ത് അഭിജിത്ത് അധ്യക്ഷനായി എത്താനുള്ള സാധ്യതയും കൂടുതലാണ്.