മാമി തിരോധാനക്കേസ്; ഡ്രൈവര്‍ക്കെതിരെ കുരുക്ക് മുറുകുന്നു

0
100

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനത്തില്‍ ഡ്രൈവര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. ഹൈദരാബാദില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച ഡ്രൈവറുടെ ഫോണ്‍ പരിശോധനാഫലം അടുത്ത ദിവസം ലഭിക്കും. കേസില്‍ പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം സമര്‍പ്പിക്കും.

മാമിയെ കാണാതായ ആദ്യ 18 മണിക്കൂര്‍ നേരത്തെ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഡ്രൈവര്‍ രജിത് കുമാറിന്‍റെ പങ്ക് വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച്. മാമിയെ കാണാതായതിന് പിന്നില്‍ രജിത്തിനും പങ്കുണ്ടാകാം, അല്ലെങ്കില്‍ മാമിയെ എങ്ങനെ കാണാതായെന്ന് ഇയാള്‍ക്ക് ക‍ൃത്യമായറിയാം എന്നാണ് ക്രൈംബ്രാഞ്ച് വാദം. മാമിയെ കാണാതായ സമയം രജിത് കുമാര്‍ ഉപയോഗിച്ച ഫോണ്‍ ഹൈദരാബാദില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

മാമി കേസ് അന്വേഷണത്തില്‍ ലോക്കല്‍ പൊലിസിന് വീഴ്ചയുണ്ടായെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 27ന് സമര്‍പ്പിക്കും. അതിന് ശേഷമാകും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല നടപടി. യഥാസമയം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതില്‍ ലോക്കല്‍ പൊലീസിന് സംഭവിച്ച വീഴ്ചയാണ് കേസ് അന്വേഷണത്തില്‍ വെല്ലുവിളിയായത് എന്നായിരുന്നു ക്രൈംബ്രാ‍ഞ്ചിന്‍റെ കണ്ടെത്തല്‍.