ലണ്ടൻ: യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവതിയുടെ ഗർഭസ്ഥ ശിശു മരിക്കാനിടയായ കേസിൽ പ്രതിക്ക് 13 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം ഉണ്ടായത്.
രഞ്ജു ജോസഫ് എന്ന 31 കാരിക്കാണ് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതും തുടർന്ന് ഗർഭസ്ഥ ശിശു മരണപ്പെട്ടതും. അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് അപകടത്തിൽ ഗർഭസ്ഥ ശിശു മരിച്ചത്. 20കാരനായ ആഷിർ ഷാഹിദ് ഓടിച്ച വാഹനമിടിച്ചാണ് രഞ്ജുവിന് പരിക്കേറ്റത്. കഴിഞ്ഞ സെപ്‌തംബറിലാണ് സംഭവം ഉണ്ടായത്.
ലങ്കാഷയറിൽ കെയർ ഹോമിൽ രാത്രി ഷിഫ്റ്റിൽ ജോലിയിൽ കയറാനായി കാൽനട യാത്രക്കാർക്കുള്ള സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം രഞ്ജു ജോസഫിനെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ രഞ്ജു ജോസഫിന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അഞ്ചു മാസം പ്രായമുള്ള ആൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി. ഗ്രേറ്റർ മാഞ്ചസ്റ്ററിലേക്ക് വാഹനം ഓടിച്ചുപോയ പ്രതി ഫാർൻവർത്തിൽ വാഹനം ഉപേക്ഷിച്ച് മുങ്ങി. അപകടത്തെ തുടർന്ന് രണ്ടാഴ്ച രഞ്ജു കോമയിൽ കഴിഞ്ഞു. അമിതവേഗത്തിലാണ് പ്രതി വാഹനം ഓടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രതി വിസമ്മതിച്ചു. പക്ഷേ, അപകടം നടന്ന ദിവസം വാഹനമിടിച്ച് അപകടമുണ്ടായാൽ ലഭിക്കുന്ന ശിക്ഷ ഇയാൾ ഓൺലൈനിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. കുറ്റവാളിയെ സഹായിച്ചതിന് പ്രതിയുടെ സഹോദരൻ സാം ഷാഹിദിനും പ്രസ്റ്റൺ ക്രൗൺ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ജൂണിലാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രസ്റ്റൺ ക്രൗൺ കോടതി കണ്ടെത്തിയത്.
..
