- ലോക്സഭാ ചരിത്രത്തിൽ ആദ്യമായി വാച്ച് ആൻഡ് വാർഡ് സുരക്ഷാ യൂണിറ്റിനെ സഭയിൽ വിന്യസിച്ചു
ന്യൂഡൽഹി: വിവാദ ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി. അഴിമതി ആരോപണങ്ങളോ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളോ ആരോപിക്കപ്പെട്ട് 30 ദിവസത്തിലധികം കസ്റ്റഡിയിൽ കഴിയുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നീക്കം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ല് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ ലോക്സഭയിൽ അമിത്ഷാ അവതരിപ്പിച്ചു.
ബില്ല് അവതരിപ്പിച്ചയുടനെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങൾ ബില്ലുകളുടെ പകർപ്പുകൾ കീറിക്കളഞ്ഞ് മുദ്രാവാക്യം വിളിച്ച് ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഒവൈസി, കോൺഗ്രസിന്റെ മനീഷ് തിവാരി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ബില്ലുകൾ ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് എതിരുമാണെന്ന് ആരോപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇരിപ്പിടം സുരക്ഷാ കാരണങ്ങളാൽ മൂന്നാം നിരയിലേക്ക് മാറ്റുകയും ചെയ്തു. ലോക്സഭാ ചരിത്രത്തിൽ ആദ്യമായി വാച്ച് ആൻഡ് വാർഡ് സുരക്ഷാ യൂണിറ്റിനെ സഭയിൽ വിന്യസിച്ചു.
ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഉണ്ടായ ബഹളമാണ് സഭയിൽ അസാധാരണ നടപടികൾക്ക് തുടക്കമിട്ടത്. പ്രതിപക്ഷ അംഗങ്ങൾ ബിൽ പകർപ്പുകൾ കീറി എറിഞ്ഞതോടെ, സഭയിൽ പിരിമുറുക്കം രൂക്ഷമായി. വിവാദ ബില്ലിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള വിയോജിപ്പുകൾ സഭാ നടപടികളെ തടസ്സപ്പെടുത്തി. ബിൽ ഇപ്പോൾ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിശോധനയ്ക്കായി വിട്ടിരിക്കുകയാണ്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് 30 ദിവസത്തിലധികം തടങ്കലിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഭരണഘടന (130-ാം ഭേദഗതി) ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവൺമെന്റ് (ഭേദഗതി) ബിൽ, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നിവയാണ് അവതരിപ്പിച്ച മറ്റ് ബില്ലുകൾ.
ഭരണഘടനയുടെ ആർട്ടിക്കിൾ 75 ഭേദഗതി ചെയ്യുന്ന ഈ ബിൽ, ശിക്ഷ വിധിവരാതെ തന്നെ പൊലിസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ ഒരു മാസത്തിൽ കൂടുതൽ കിടന്നാലും സ്ഥാനം നഷ്ടമാകും. അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലാകുന്ന മന്ത്രിമാർക്കാകും ഇത് ബാധകമാകുക. അഴിമതി കേസിൽ ഉൾപ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ 31ാം ദിവസം മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലിൽ പറയുന്നത്. മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ രണ്ടുവർഷം ശിക്ഷിക്കപ്പെടുന്നവർക്കായിരുന്നു ഇത്തരത്തിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. മന്ത്രിമാർക്കെതിരേ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബിൽ എന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.
അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ബില്ലിനെ “സൂപ്പർ അടിയന്തരാവസ്ഥ” എന്നും “ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെതിരായ ഹിറ്റ്‌ലേറിയൻ ആക്രമണം” എന്നും വിശേഷിപ്പിച്ച് രൂക്ഷമായി വിമർശിച്ചു.
ബില്ലുകൾ തിടുക്കത്തിൽ കൊണ്ടുവന്നതാണെന്ന പ്രതിപക്ഷത്തിന്റെ നിർദേശം തള്ളിയ അമിത് ഷാ, ബില്ലുകൾ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുമെന്നും ഇരുസഭകളിലെയും അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരം ലഭിക്കുമെന്നും വ്യക്തമാക്കി. ജൂലൈ 21-ന് ആരംഭിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിക്കും. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ബീഹാറിലെ എസ്‌ഐആർ അഭ്യാസത്തെക്കുറിച്ചും ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയിൽ ആവർത്തിച്ചുള്ള നിർത്തിവയ്പ്പുകൾക്ക് കാരണമായി. തുടർച്ചയായ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിൽ സഭ ഉച്ചകഴിഞ്ഞ് വീണ്ടും തുടർന്നു.
