ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽനിന്നു കാണാതായി രണ്ടു ദിവസത്തിനു ശേഷം വിദ്യാർഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടി വിവാഹത്തിനു നിർബന്ധിച്ചപ്പോഴാണ് പ്രതി സർക്കാർ വനിതാ കോളജിലെ രണ്ടാ വർഷ ബിഎ വിദ്യാർഥിനി ആയ വർഷിതയെ (20) കൊലപ്പെടുത്തിയത്.
പെൺകുട്ടിയുമായി പ്രതിക്ക് രണ്ടു വർഷമായി അടുപ്പമുണ്ടെന്നാണ് മൊഴി. എന്നാൽ പെൺകുട്ടിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഗർഭിണി ആയപ്പോൾ വിവാഹത്തിനു നിർബന്ധിച്ചെന്നും പ്രതി പൊലീസിനു മൊഴി നൽകി.
സർക്കാർ വനിതാ ഫസ്റ്റ് ഗ്രേഡ് കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥിനിയായ വർഷിത, ഈ മാസം 14നു ഹോസ്റ്റലിൽനിന്നു പുറത്തുപോയ ശേഷം പിന്നീട് തിരിച്ചെത്തിയിരുന്നില്ല. വർഷിതയെ ഹോസ്റ്റലിൽനിന്നു കാണാനില്ലെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണവാർത്ത മാതാപിതാക്കൾ അറിയുന്നത്. വർഷിതയെ കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചെന്നുമാണ് പൊലീസ് ആദ്യമേ സംശയിച്ചത്. സംഭവത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
