വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് വിദ്യാർ‌ഥി, അറസ്റ്റ്

0
218

ഭോപാൽ: 26 വയസ്സുകാരിയായ ഗസ്റ്റ് അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വിദ്യാർഥി അറസ്റ്റിൽ. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലയിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ എക്സലൻസ് സ്കൂളിലാണ് സംഭവം.

സ്കൂളിലെ പൂർവ വിദ്യാർഥിയായ പതിനെട്ടു വയസ്സുകാരൻ സൂര്യൻഷ് കോച്ചറാണ് പ്രതി. സൂര്യൻഷിനെതിരെ അധ്യാപിക നൽകിയ പരാതിയെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സൂര്യൻഷ് അധ്യാപികയോട് നേരത്തെ പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇതിനുപിന്നാലെ സ്കൂളിൽ നിന്ന് സൂര്യൻ‌ഷിനെ പുറത്താക്കി. ഇതോടെ മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 124എ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം വിദ്യാർഥിക്കെതിരെ കേസെടുത്തു. സൂര്യൻ‌ഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു

പ്രതി കുപ്പി നിറയെ പെട്രോളുമായി അധ്യാപികയുടെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. അധ്യാപികയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെനാണ് ഡോക്ടർമാർ പറയുന്നത്.