ലഗേജിന് മയക്കുമരുന്ന് ബന്ധമെന്ന്, സഊദിയിൽ യുവതി അറസ്റ്റിൽ, തുടർ അന്വേഷണത്തിൽ വൻ ട്വിസ്റ്റ്‌, പ്രതി സ്ഥാനത്ത് വിമാന കമ്പനി, ജീവനക്കാർ അറസ്റ്റിൽ

0
166

ലഗേജിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് സഊദിയിൽ വിദേശ യുവതി അറസ്റ്റിൽ. എന്നാൽ, തുടർ അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ട്വിസ്റ്റ്. യുവതിയെ എത്തിച്ച വിമാന കമ്പനിയാണ് ഇപ്പോൾ പ്രതിസ്ഥാനത്ത്. നൈജീറിയൻ യുവതിയാണ് താൻ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. ബോർഡിങ്‌ സമയം ലഗേജ് ടാഗ് ചെയ്യുമ്പോൾ നടന്ന സംഭവങ്ങളാണ് എല്ലാത്തിനും പിന്നിൽ.

മയക്കുമരുന്ന് അടങ്ങിയ ബാഗ് യുവതിയുടെ പേരിൽ തെറ്റായി ടാഗ് ചെയ്തതിനെ തുടർന്ന് മറിയം ഹുസൈനി അബ്ദുല്ലഹി എന്ന നൈജീരിയൻ സ്ത്രീയെ സഊദി അധികൃതർ കസ്റ്റഡിയിലെടുത്തതായി ഭർത്താവ് പറഞ്ഞു. കാനോ സ്റ്റേറ്റിൽ നിന്നുള്ള 39 വയസ്സുള്ള അഞ്ച് കുട്ടികളുടെ ഉമ്മയായ ഹുസൈനി-അബ്ദുല്ലഹി ഓഗസ്റ്റ് 6 ന് ഭർത്താവ് അബ്ദുല്ലാഹി ബാഫയ്‌ക്കൊപ്പം മക്കയിലേക്ക് തീർത്ഥാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ജിദ്ദ വിമാനത്താവളത്തിൽ ഒരു ബാഗുമായി അവരുടെ പേര് ബന്ധിപ്പിച്ചതിനെത്തുടർന്ന് ആത്മീയ യാത്ര പേടിസ്വപ്നമായി മാറിയെന്നാണ് ഭർത്താവ് പറയുന്നത്. ഇവർ സഞ്ചരിച്ച എത്യോപ്യൻ എയർലൈൻസിന്റെ നിലപാടാണ് സംഭവത്തിന് കാരണമെന്ന് ഭർത്താവ് ബാഫ പറഞ്ഞു. ഭാര്യയുടെ ലഗേജ് സംശയാസ്പദമായ ബാഗിൽ ബന്ധിപ്പിക്കുകയായിരുന്നു.

എന്റെ ഭാര്യ നിരപരാധിയാണ്. കാനോയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ശരിയായി ടാഗ് ചെയ്തിരുന്ന ഒരു ബാഗ് മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. പക്ഷെ, ജിദ്ദയിൽ എത്തിയപ്പോൾ ഞങ്ങളുടെ ബാഗുകൾ കാണാനില്ലായിരുന്നു. എയർപോർട്ടിൽ തന്നെ ബാഗേജ്‌ നഷ്ടമായത് പരാതി നൽകി ദിവസങ്ങളോളം കാത്തിരുന്നിട്ടും അപ്‌ഡേറ്റുകളൊന്നും ലഭിക്കാതെ മദീനയിൽ വെച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങി.

എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോഴാണ് കുരുക്കിൽ പെട്ടത്. ഭർത്താവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, ഭാര്യയെ എമിഗ്റേഷൻ തടഞ്ഞു. പിന്നീട് അവരെ മക്കയിലെ റിഹാബ് സെന്ററിലേക്ക് മാറ്റി, അവിടെ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അറിയുന്നത്. സഊദി പോലീസ് നൈജീരിയൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മയക്കുമരുന്ന് നിറച്ച ബാഗുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചു. എന്നാൽ, ഈ ബാഗുമായി ഇവർക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് എത്യോപ്യൻ എയർലൈൻസിനും വിമാനത്താവള ഉദ്യോഗസ്ഥർക്കും അറിയാമെന്നാണ് ഇവരുടെ പക്ഷം.

തുടർന്ന് ഭർത്താവ് നൈജീരിയൻ സർക്കാരിനോട് ഇടപെടാൻ അഭ്യർത്ഥിക്കുകയും ഭാര്യയുടെ നിരപരാധിത്വം തെളിയിക്കാൻ മലാം അമിനു കാനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എത്യോപ്യൻ എയർലൈൻസിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോൾ, അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ചുവെങ്കിലും ഒന്നിലധികം സ്റ്റേഷനുകൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ പ്രക്രിയയ്ക്ക് സമയമെടുക്കുമായിരുന്നു പ്രതികരണം.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്വിസ്റ്റ് ഉണ്ടായത്. ലഗേജ് കൈമാറ്റത്തിന് ഉത്തരവാദികളായവരെ അന്വേഷണത്തിന് ശേഷം പിടികൂടി അറസ്റ്റ് ചെയ്തതായും നൈജീരിയൻ സർക്കാർ കേസ് ഏറ്റെടുക്കുകയുമായിരുന്നു. പക്ഷെ, യുവതി ഇപ്പോഴും സഊദി കസ്റ്റഡിയിൽ ആണ്. യഥാർത്ഥ കാരണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവർ നിരപരാധി ആണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇവരെ വിട്ടയക്കണം എന്നാണ് ഇവരുടെ ആവശ്യം.