മകളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം, സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു

0
106

ദമാം: സഊദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശിനി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതയായി. കറുകച്ചാൽ സ്വദേശിനി ത്രേസ്യാമ്മ ആന്റണി (69) ആണ് മരിച്ചത്. ഒരു മാസത്തോളമായി ഇവർക്ക് ശ്വാസതടസ്സവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് താമസ സമീപത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയിരുന്നു.

ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ മകളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. പിതാവ്: ജോസഫ്, മാതാവ്: അന്നാമ്മ.

ത്രേസ്യാമ്മയുടെ ഭർത്താവ് ആന്റണി ജോസഫ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. മക്കളായ ജോസഫും മറിയയും സഊദിയിലുണ്ട്. ഔദ്യോഗിക നടപടികൾക്ക് ശേഷം ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.