ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവയ്പ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിങ് പരസ്യത്തിൽ അഭിനയിക്കുന്നതു നിരോധിക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിനു 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ വിജയിക്കുന്ന തുകയ്ക്ക് 30 ശതമാനം നികുതിയും ചുമത്തിയിരുന്നു. റജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരമുണ്ട്.
കഴിഞ്ഞ മാസം, ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും ഇഡി കേസെടുത്തിരുന്നു. വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെ ആയിരുന്നു കേസ്. ബെറ്റിങ് ആപ്പിന്റെ പ്രചാരണത്തിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാകാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.