റമീസിന്റെ മാതാപിതാക്കൾക്കും സുഹൃത്തിനും എതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത; ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും

0
80

കൊച്ചി: കോതമംഗലത്ത് 23 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രധാന പ്രതി റമീസിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണ സംഘം. റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പിടികൂടിയതിന്റെ പിറ്റേന്നാണ് പൊലീസിനു റമീസിനെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി.

നാളെ മാതാപിതാക്കളെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്. റമീസിെന പിടികൂടിയതിനു പിന്നാലെ പറവൂർ ആലങ്ങാട് പാനായിക്കുളത്തുള്ള വീടു പൂട്ടി മാതാപിതാക്കൾ ഒളിവിൽ പോവുകയായിരുന്നു.

റമീസിന്റെ പിതാവ് റഹിമോൻ (47), മാതാവ് ഷെരീന (46), സുഹൃത്ത് ആലുവ കരുമാലൂർ കറുകാശേരി അബ്ദുൽ സഹദ് (24) എന്നിവരെ തിങ്കളാഴ്ചയാണ് െപാലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളെ സേലത്തുള്ള ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തപ്പോൾ സഹദ് ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇറച്ചിക്കട നടത്തുന്ന റഹിമോൻ അറവുമാടുകളെ വാങ്ങാൻ ഇടയ്ക്കിടെ സേലം സന്ദർശിച്ചിരുന്നതിനാൽ ഇവിടം പരിചയമുണ്ടായിരുന്നു. ഇതിന്റെ തുമ്പുപിടിച്ചുള്ള പൊലീസ് അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.

ആത്മഹത്യ പ്രേരണാകുറ്റമാണ് മാതാപിതാക്കൾക്കും സുഹൃത്തിനുമെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. യുവതിയെ നിർബന്ധിച്ചു മതം മാറ്റാൻ ശ്രമിച്ചു, ഇതിനായി മർദിച്ചു, അടച്ചിട്ടു തുടങ്ങിയ ആരോപണങ്ങൾ ഉയര്‍ന്നതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതും.

യുവതിയുടെ വീട് സന്ദർശിച്ച ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതും മതപരിവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തണമെന്നാണ്. നിലവിൽ റമീസിനെതിരെ ആത്മഹത്യ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ, മർദനം, ഐടി ആക്ട് അനുസരിച്ചുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഈ മാസം ഒൻപതിനാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന റമീസും യുവതിയുമായുള്ള വിവാഹം ഇരുവീട്ടുകാരും ആലോചിക്കുകയും യുവതിയുടെ മതംമാറ്റ കാര്യം ഉൾപ്പെടെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ യുവതിയും സമ്മതം അറിയിച്ചിരുന്നു. എന്നാൽ റമീസിനെ അനാശാസ്യപ്രവർത്തിക്ക് പിടികൂടിയതോടെ മതംമാറ്റ കാര്യം യുവതി വേണ്ടെന്നു വയ്ക്കുകയും റജിസ്റ്റർ വിവാഹത്തിനു സമ്മതം അറിയിക്കുകയും ചെയ്തു.

ഇതു സമ്മതിച്ചു എന്ന വ്യാജേനെ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയും മര്‍ദിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു എന്ന കാര്യങ്ങൾ യുവതി ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. യുവതിയുടെ സുഹൃത്തിന്റെ മൊഴിയും ഇതിനു സമാനമായിരുന്നു. ഇക്കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മതം മാറ്റ കാര്യത്തിലുൾപ്പെടെ മാതാപിതാക്കൾക്കും സുഹൃത്തിനും പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നത്.