എ.സിയുടെ പ്രശ്നം പരിഹരിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് എ.സി സർവീസ് സെന്ററിലെ ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴാണ് സംഭവം. പൊറ്റയിൽ കുന്നുവിള വീട്ടില്‍ അഖിൽരാജാണ് (21) മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെ പേയാട് സ്വദേശി കിഷോറിന്റെ വീട്ടിലെ രണ്ടാം നിലയിൽ വെച്ച് എ.സി നന്നാക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.
രണ്ടാം നിലയുടെ സൺ ഷെയ്ഡിൽ നിന്ന് സഹ പ്രവർത്തകനൊപ്പം എ.സി നന്നാക്കവേയാണ് താഴേക്ക് വീണത്. എ.സി ഫിറ്റ് ചെയ്തിരിക്കുന്നതിന് നേരെ താഴേയാണ് മൂടിയില്ലാത്ത കിണർ. കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് അഖിലിനെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.
യുവാവിനെ ഉടന്‍ മലയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.