തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തിങ്കൾ (17/08/2025), ചൊവ്വ (18/08/2025) ദിവസങ്ങളിൽ ഓറഞ്ച് അലേർട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കാസർകോട് ജില്ലയിലുമാണ് ഓറഞ്ച് അലേർട്ട്. തിങ്കഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച (20/08/2025) കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് ജില്ലകളിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.





