മെസ്സിയുടെ ഇന്ത്യൻ പര്യടനം; അന്തിമ അനുമതിയായി, ഡിസംബര്‍ 12ന് എത്തും, മോദിയുമായി കൂടിക്കാഴ്ച

0
209

കൊല്‍ക്കത്ത: ഏറെക്കാലമായി കാത്തിരുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്തിമ അനുമതി ലഭിച്ചു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു.

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ എന്നാണ് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്ത സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബര്‍ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്ചയോടെയാണ് മെസ്സിയുടെ ഇന്ത്യാ പര്യടനം അവസാനിക്കുന്നത്.

2011ന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 2011-ല്‍ വെനസ്വേലയ്ക്കെതിരെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഫിഫ സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പമാണ് ഇതിഹാസ താരം എത്തിയിരുന്നത്.

മെസ്സിക്കൊപ്പമുള്ള സംഘത്തില്‍ ഇന്റര്‍ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോള്‍, ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് തുടങ്ങിയവരും ഉണ്ടാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ ഇവരുടെ സന്ദര്‍ശനം സംബന്ധിച്ച് സംഘാടകര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 12-ന് രാത്രി മെസ്സി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ഇവിടെ രണ്ട് പകലും ഒരു രാത്രിയും അദ്ദേഹം ചെലവഴിക്കും. ഡിസംബര്‍ 13-ലെ അദ്ദേഹത്തിന്റെ പരിപാടികള്‍ രാവിലെ ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റോടെ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

‘മെസ്സി അര്‍ജന്റീനിയന്‍ ഹെര്‍ബല്‍ ടീയുടെ ഒരു ആരാധകനാണ്, അതിനാല്‍ ഞാന്‍ അര്‍ജന്റീനിയന്‍ ചായയും ഇന്ത്യന്‍ അസം ചായയും സംയോജിപ്പിച്ചുള്ള ഒരു ഫ്യൂഷന്‍ ഒരുക്കുന്നുണ്ട്. ഡിസംബര്‍ 13-ന് രാവിലെ അദ്ദേഹത്തിന്റെ ഹോട്ടലില്‍ (താജ് ബംഗാള്‍) നടക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയോടനുബന്ധിച്ച് ഇതൊരു പ്രത്യേക അനുഭവമാക്കി മാറ്റും. ഹില്‍സ ഉള്‍പ്പെടെയുള്ള എല്ലാ ബംഗാളി മത്സ്യങ്ങളും മധുരപലഹാരങ്ങളും ഭക്ഷണോത്സവത്തിനായി വിഭവങ്ങളില്‍ ഉണ്ടാകും’ ദത്ത വെളിപ്പെടുത്തി.