‘അമ്മ’യെ നയിക്കാൻ ആദ്യമായി വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു ജനറൽ സെക്രട്ടറി

0
184

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു.

രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു.

ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങൾക്കാണ് ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളിൽ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റർ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്.