ദമാം: 12 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയുടെ തലേന്ന് മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശി ദിലീപ് കുമാര്‍ ചെല്ലപ്പന്‍ ആശാരി (58) ആണ് മരിച്ചത്. വര്‍ക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്പത് വര്‍ഷമായി താമസരേഖയും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ അഷ്റഫ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ചികിത്സ സൗകര്യങ്ങള്‍ നല്‍കി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യന്‍ എംബസി സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഫൈനല്‍ എക്സിറ്റും നേടി. ഒടുവില്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് പുലര്‍ച്ചയോടെ മരിച്ചത്.
പന്ത്രണ്ട് വര്‍ഷം മുമ്പ് ഭാര്യയുടെ മരണത്തോടെയാണ് ദിലീപ് നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നു വെച്ചത്. പിന്നീട് അ്മ്മയും മരിച്ചുവെങ്കിലും നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകും.
