ഡോക്ടറായ ഭാര്യ തന്റെ അറിവില്ലാതെ ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയിൽ ഭാര്യ ഒന്നാം പ്രതി. പെരുമ്പാവൂർ സ്വദേശി ഷമീർ മുഹമ്മദിന്റെ പരാതിയിൽ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് കേസെടുക്കാൻ നിർദേശിച്ചതനുസരിച്ചാണ് ഭാര്യയെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പെരുമ്പാവൂർ രായമംഗലം എഫ്എച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. അഖിലബീഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. അഖില ബീഗത്തിനെ ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിൽ രണ്ടാം പ്രതി. 2020 സെപ്റ്റംബർ മാസത്തിൽ നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ വച്ചാണ് ഭർത്താവിന്റെ പരാതിക്കിടയാക്കിയ ഗർഭച്ഛിദ്രം നടന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഭാര്യ ഗർഭച്ഛിദ്രം നടത്തിയതെന്ന് ഷമീർ മുഹമ്മദ് പറയുന്നു.
ഭാര്യ ഗർഭച്ഛിദ്രം നടത്തിയെന്ന വിവരം ലഭിച്ചതോടെ ഷമീർ മുഹമ്മദ് പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഷമീർ മുഹമ്മദ് കളമശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂൺ 6ന് പൊലീസ് കേസെടുത്തത്.
നാലര വർഷം മുൻപുള്ള സംഭവമായതിനാൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഭർത്താവിന്റെ പരാതിക്ക് പിന്നിൽ കുടുംബപ്രശ്‌നങ്ങളായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഷമീർ മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ മൊഴികൾ പരിശോധിച്ച ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂവെന്നാണ് വിവരം.
ഡോ. അഖിലബീഗത്തിനെതിരെ കേസ് എടുത്ത പശ്ചാത്തലത്തിൽ അവർ ജോലിയിൽ തുടരുന്നതിനെതിരെ പൊതുപ്രവർത്തകനായ പിഎം ജുനൈദ്, മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്.





