അബുദാബി: തലശ്ശേരി ബിരിയാണിയുടെ ആഗോള പെരുമ ആകാശത്തോളം ഉയർത്തി എമിറേറ്റ്സ്. യുഎഇയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്സിന്റെ മെനുവിലാണ് തലശ്ശേരി ബിരിയാണി പുതുതായി ഇടംപിടിച്ചത്. ഇനി എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്ക് നാട്ടുരുചി ആസ്വദിക്കാം.
ഡിന്നർ വിഭാഗത്തിൽ തലശ്ശേരി ബിരിയാണിക്കു പുറമെ കുക്കുംമ്പർ റൈത്തയും പനീർ ചെട്ടിനാടുമാണ് ഇടം നേടിയത്. കേരളം ഉൾപ്പെടെ ഇന്ത്യൻ സെക്ടറുകളിലെ യാത്രക്കാർക്ക് ബിരിയാണി കഴിച്ച് ഇന്ത്യൻ മസാല ചായയും കുടിച്ച് യാത്ര അവിസ്മരണീയമാക്കാം.
നാടിന്റെ പെരുമ ആകാശത്തോളം ഉയർത്തിയ എമിറേറ്റ്സിന് ബിഗ് സല്യൂട്ട് നൽകുകയാണ് തലശ്ശേരിക്കാരും ആഗോള മലയാളികളും. തലശ്ശേരി ബിരിയാണിയുടെ ആഗോള പ്രശസ്തിക്കൊപ്പം ഇതിന് ഉപയോഗിക്കുന്ന ജീരകശാല അരിയുടെ കയറ്റുമതിയും വർധിച്ചിരുന്നു.
ഒരു മാസം മുൻപ് കിലോയ്ക്ക് 120 രൂപയ്ക്ക് ലഭിച്ചിരുന്ന അരി നാട്ടിൽ കല്യാണ സീസൺ തുടങ്ങിയതോടെ 182 രൂപയായി. പുതിയ സാഹചര്യത്തിൽ ജീരകശാല അരിയുടെ വില ഇനിയും ഉയരുമെന്നാണ് സൂചന. തിരൂരിൽനിന്ന് മയ്യഴിൽ എത്തിയ ബനാറസ് അബ്ദുല്ലയാണ് തലശ്ശേരിക്ക് ഈ വിഭവം പരിചയപ്പെടുത്തിയതെന്നാണ് പഴമക്കാർ പറയുന്നത്.
ആദ്യകാലത്ത് മാഹിയിലും തലശ്ശേരി ഉൾപ്പെടെ കണ്ണൂരിന്റെ ചില പ്രദേശങ്ങളിലും മാത്രമാണ് ഈ ബിരിയാണിക്ക് ജീരകശാല അരി ഉപയോഗിച്ചിരുന്നത്. മറ്റു സ്ഥലങ്ങളിൽ ബസ്മതി അരിയിലാണ് തയാറാക്കിയിരുന്നത്. എന്നാൽ തനത് രുചിക്കായി ഇപ്പോൾ മിക്കയിടങ്ങളിലും ജീരകശാല ഉപയോഗിച്ചാണ് തലശ്ശേരി ബിരിയാണി തയാറാക്കുന്നത്.





