
കൊല്ലപ്പെട്ടവരില്‍ 7 പേര്‍ കുട്ടികള്‍
ഒന്‍പതുപേര്‍ക്ക് ഗുരുതര പരുക്ക്
അപകടം പുലര്‍ച്ചെ മൂന്നരയോടെ
രാജസ്ഥാനിലെ ദൗസയില്‍ പിക്കപ് ട്രക്ക്, ട്രെയിലറിലേക്ക് ഇടിച്ചു കയറി ഏഴു കുട്ടികള്‍ ഉള്‍പ്പടെ 11പേര്‍ കൊല്ലപ്പെട്ടു. ഒന്‍പതുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ജയ്പുറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്.
ലാല്‍സോട്–മനോഹര്‍പുര്‍ ദേശീയപാതയില്‍ ബപി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഖതു ശ്യാം ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങി വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. രണ്ട് ട്രക്കിലായാണ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്നത്. ഇവയിലൊന്ന് തൊട്ടുമുനിലുണ്ടായിരുന്ന ട്രക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കണ്ടെയ്നറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ജില്ലാ കലക്ടറും എസ്പിയുമടക്കമുളളവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ദുഃഖം രേഖപ്പടുത്തി. ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച ദൗസയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികളടങ്ങിയ സംഘമാണ് അന്ന് മരിച്ചത്.