ലിസ്ബൺ: ലോക ഫുട്ബോളിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസാണ് വധു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ജോർജിന തന്നെയാണ് വിവാഹക്കാര്യം സ്ഥിരീകരിച്ചത്.
ഇരുവരുടെയും വിവാഹനിശ്ചയം ഇതിനകം നടന്നു. വിവാഹമോതിരത്തിനൊപ്പം ‘ഞാൻ തയാറാണ്, ഈ ജൻമത്തിലും വരും ജന്മങ്ങളിലും’ എന്ന കുറിപ്പും പങ്കുവച്ചാണ് വിവാഹക്കാര്യം ജോർജിന പങ്കുവച്ചത്.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി കൂടിയായ ക്രിസ്റ്റ്യാനോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒൻപതു വർഷമായി ഒരുമിച്ചു താമസിക്കുന്നവരാണ് ക്രിസ്റ്റ്യാനോയും ജോർജിനയും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ച് മക്കളിൽ രണ്ടു പേർ ജോർജിന റോഡ്രിഗസിൽ ഉള്ളതാണ്. 2022 ഏപ്രിലിലാണ് ഇവരുടെ ഇളയ മകളായ ബെല്ല ജനിച്ചത്. ഈ രണ്ടു മക്കൾക്കൊപ്പം ഫുട്ബോളിൽ സജീവമായ ക്രിസ്റ്റ്യാനോ ജൂനിയർ ഉൾപ്പെടെയുള്ള മറ്റു മൂന്നു മക്കളെയും വളർത്തുന്നതും ജോർജിനയാണ്.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ കളിക്കുന്ന കാലത്ത് സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിലെ ഒരു കടയിൽവച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും വഴിമാറുകയായിരുന്നു. റയൽ മഡ്രിഡ് വിട്ട റൊണാൾഡോ നിലവിൽ സൗദി ലീഗിൽ അൽ നസറിന്റെ താരമാണ്.