ഡേറ്റിങ് ആപ് വഴി കെണി, കുടുങ്ങി 100ലധികം പേർ; ഒരു മാസത്തിനിടെ ലക്ഷങ്ങൾ തട്ടി

0
95

വെഞ്ഞാറമൂട്: ഡേറ്റിങ് ആപ് വഴി ഓൺലൈൻ കെണി ഒരുക്കി യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണം കവർന്ന കേസിൽ പ്രതികൾ 100ൽ അധികം ആളുകളെ ഇത്തരത്തിൽ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ടെന്നു പൊലീസ്.

അപമാനം ഭയന്ന് ആരും പരാതി നൽകിയിട്ടില്ല. മൊബൈൽ ഫോൺ വഴി സംസാരിക്കുന്നത് ഒഴിവാക്കി ആപ് വഴി സംസാരിച്ചത് കാരണം അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാക്കിയെന്നും പൊലീസ് പറയുന്നു. പരാതിക്കാരന്റെ മൊബൈൽ ഫോൺ പ്രതികൾ വാങ്ങി അതിലെ വിവരങ്ങൾ മുഴുവൻ നശിപ്പിച്ചു. തുടർന്ന് സൈബർ ഫൊറൻസിക് വഴി ഫോണിലെ നഷ്ടപ്പെട്ട വിവരങ്ങൾ വീണ്ടെടുത്ത ശേഷമാണ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചത്.

കേസിൽ ചിതറ കൊല്ലായിൽ പണിക്കൻവിള വീട്ടിൽ സുധീർ (24), മടത്തറ സത്യമംഗലം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ കോങ്കലിൽ പുത്തൻ വീട്ടിൽ സജിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പരാതിക്കാരൻ ആദ്യം യഥാർഥ സംഭവം മറച്ചു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു എന്നാണ് പരാതി നൽകിയത്. ഇതിൽ സംശയം തോന്നിയ പൊലീസ് പരാതിക്കാരനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഡേറ്റിങ് ആപ് സംഭവം പുറത്തറിയുന്നത്. 3 പവർ സ്വർണമാണ് നഷ്ടപ്പെട്ടത്.

ഓൺലൈൻ ഡേറ്റിങ് ആപ് ഉപയോഗിക്കുന്ന യുവാവിനെ വ്യാഴം രാത്രി സംഘം സൂത്രത്തിൽ വെഞ്ഞാറമൂടിനു സമീപം മുക്കുന്നൂർ ജംക്‌ഷനിലേക്ക് വിളിച്ചു വരുത്തി. തുടർന്നു കാറിൽ യുവാവിനെ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി പാർക്ക് ചെയ്തു. ഈ സമയം കാറിൽ 2 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയം അപരിചിതരെപ്പോലെ സംഘത്തിലെ മറ്റ് 2 പേർ കാറിൽ വന്നു കയറി പരാതിക്കാരനായ യുവാവിനെ മർദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുഖം മൂടിക്കെട്ടി കാറിൽ കൊണ്ടുപോയി. കാരേറ്റ്–പാലോട് റോഡിൽ പാലോടിന് സമീപം സുമതി വളവിൽ എത്തിച്ച് കാർ നിർത്തിയ ശേഷം ആഭരണം ഊരിയെടുക്കുകയും മർദിച്ച് അവശനാക്കി വിജനമായ സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. രക്ഷപ്പെട്ട് വെഞ്ഞാറമൂട്ടിൽ എത്തിയ യുവാവ് പിറ്റേ ദിവസം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.