ഷോക്കടിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒന്നാംവർഷ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയേഴ്സ്

0
266

ആന്ധ്രപ്രദേശ്: പാൽനാടു ജില്ലയിലെ സർക്കാർ കോളജിൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽപ്പിക്കുകയും മർദിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ദാച്ചെപ്പള്ളി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

വിദ്യാർഥിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയാണ് മർദിച്ചത്. രണ്ടാം വർഷ വിദ്യാർഥികളായ പ്രതികൾ വിഡിയോയിൽ റാഗിങ് ചിത്രീകരിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളജിനു പുറത്തുള്ള ഒരാളും ആക്രമണത്തിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. ഇരയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുകയാണ്. റാഗിങ്ങിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. കോളജിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.