ദാറുല്‍ഹുദക്കെതിരെയുള്ള സിപിഐഎം മാര്‍ച്ച് തികച്ചും രാഷ്ട്രീയപ്രേരിതവും അനുചിതവും; ഭാരവാഹികള്‍

0
194

ചെമ്മാട്: സര്‍വ്വമേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് ഉന്നത മതപഠനവും യൂണിവേഴ്‌സിറ്റി തലത്തിലുള്ള സെക്കുലര്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി 40 വര്‍ഷത്തോളമായി നിയമവിധേയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുകയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയിരക്കണക്കിന് ഹുദവി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്ത ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി നടത്തിയ മാര്‍ച്ച് തികച്ചും രാഷ്ട്രീയ പ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അനുചിതവുമാണെന്ന് ദാറുല്‍ഹുദാ ഭാരവാഹികള്‍.

തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം മൂലം ന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല. പരാതികള്‍ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേള്‍ക്കാനും തിരുത്താനും ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി തയ്യാറാണ്.

പരാതികള്‍ ഉണ്ടെങ്കില്‍ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലൂടെയും പരിഹരിക്കുകയെന്ന ജനാധിപത്യ മര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമപകാഹളം മുഴക്കി മാര്‍ച്ച് നടത്തുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.