എം.വി.ഗോവിന്ദൻ ജാതകം നോക്കാൻ വന്നതല്ല, സ്നേഹബന്ധവും ജ്യോതിഷവുമായി കൂട്ടിക്കലർത്തേണ്ടതില്ല: മാധവപൊതുവാൾ

0
126

പയ്യന്നൂർ (കണ്ണൂർ): സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നതായി പയ്യന്നൂരിലെ ജ്യോത്സ്യൻ എം.വി.മാധവ പൊതുവാൾ. കുടുംബസമേതമാണ് അദ്ദേഹം വീട്ടിലെത്തിയത്.

വർഷങ്ങളായി സൗഹൃദമുള്ള അദ്ദേഹം കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തി വീട്ടിൽ വിശ്രമിക്കുന്നതറിഞ്ഞു വന്നതാണ്. അല്ലാതെ ജാതകം നോക്കാനല്ല. അദ്ദേഹം ജാതകം നോക്കാൻ വരുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ– മാധവപൊതുവാൾ പ്രതികരിച്ചു.

സ്നേഹബന്ധവും ജ്യോതിഷവുമായി കൂട്ടിക്കലർത്തേണ്ടതില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ കൊണ്ടാകാം സന്ദർശനം വിവാദമായത്. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമായും അടുത്തബന്ധമുണ്ട്. അതെല്ലാം ജ്യോതിഷവുമായി ബന്ധപ്പെട്ടു മാത്രമുള്ളതല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നല്ല ബന്ധമാണ്. അദ്ദേഹം ജ്യോതിഷം നോക്കാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നു– മാധവ പൊതുവാൾ പറഞ്ഞു.

പാർട്ടിയുടെ ഉന്നതനേതാവ് പയ്യന്നൂരിലെ ജ്യോത്സ്യനെ കണ്ടത് എന്തിനെന്ന ചോദ്യം സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നതായി വാർത്തയുണ്ടായിരുന്നു. അങ്ങനെയൊരു വിമർശനം നടന്നിട്ടില്ലെന്നാണ് കഴിഞ്ഞദിവസം എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. സംസ്ഥാന സമിതി അംഗം പി.ജയരാജനും അതു ശരിവച്ചിരുന്നു.