താരാരാധനയുടെ പേരിൽ തർക്കം; യുവാവിന്റെ സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച 19കാരൻ അറസ്റ്റിൽ

0
177

കാസർകോട്: താരാരാധനയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന്, പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവിനെ കാസർകോട് സൈബർ പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമത്തിലൂടെയുള്ള തർക്കം ശക്തമായതിനെത്തുടർന്ന്, യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിലാണ് മുംബൈ സ്വദേശിയായ അംജദ് ഇസ്‌ലാം(19) അറസ്റ്റിലായത്.

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് തുടങ്ങിയാണു പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അക്കൗണ്ട് ഉടമ മുംബൈ സ്വദേശിയാണെന്നു മനസ്സിലാക്കി അവിടെയെത്തിയ പൊലീസ് സംഘം 5 ദിവസത്തെ തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടിയത്. പോക്സോ, ഐടി ആക്ടുകൾ പ്രകാരമായിരുന്നു കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ എസ്ഐ രവീന്ദ്രൻ മടിക്കൈ, എഎസ്ഐ പി.രഞ്ജിത് കുമാർ, എസ്‌ സിപിഒമാരായ സവാദ് അഷ്‌റഫ്, ടി.വി.സുരേഷ്, സിപിഒ കെ.വി.ഹരിപ്രസാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.